ദുരന്തമുഖത്തു നിന്ന് കരകയറാനായി കേരളം ഒത്തൊരുമിച്ച് പാടുപെടുകയാണ്. പരസ്പരം കൈത്താങ്ങും സഹായവുമായി എല്ലാവരും സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കുന്നു. സന്നദ്ധസംഘടനകള്‍ പലതും പിരിവെടുത്തും മറ്റുള്ളവരോട് ഇരന്നും അവര്‍ മനസായി നല്‍കുന്നത് സന്തോഷത്തോടെ വാങ്ങി ആവശ്യക്കാരന്റെ കൈകളിലെത്തിക്കുന്നു.
എന്നാല്‍ ഇതിനിടയിലും മറ്റുള്ളവര്‍ക്ക് ഉപദ്രവവും ശാപവുമായി മാറുന്ന ആളുകളും വിഹരിക്കുന്നുണ്ട് എന്നതിന് തെളിവാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് 500 ജോഡി ചെരുപ്പ് ആവശ്യപ്പെട്ട് എത്തിയവര്‍ അത് വിസ്സമതിച്ച കടയുടമയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണത്. ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ ലക്ഷ്മി ഫുട്ട് വെയറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ കടയുടമ കുമാരപുരം ലക്ഷ്മി നിവാസില്‍ ഉണ്ണി എന്ന ശിവന്‍കുട്ടി ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. കടയിലെ നിരീക്ഷണ കാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. നേരത്തെ ദുരിതാശ്വാസത്തിനായി 50 ജോഡി ചെരുപ്പും 5000 രൂപയും നല്‍കിയതായി ശിവന്‍കുട്ടി പറയുന്നു.
500 ജോഡി ചെരുപ്പുകള്‍ കൊടുക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞതിനായിരുന്നു ഒരു രാഷ്ട്രീയ സംഘടനയിലെ അംഗങ്ങളെന്നു പറഞ്ഞെത്തിയവരുടെ മര്‍ദ്ദനം. ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.