കണ്ണൂർ: താഴെ ചൊവ്വയിലെ മാൾ നിർമാണം ഒരാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ കോർപറേഷന്റെ നിർദേശം. മാൾ നിർമാണം കാരണം പ്രദേശത്തെ കിണറുകൾ വറ്റുകയും റോഡ് ഇടിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും മാൾ പ്രതിനിധികളെയും പങ്കെടുപ്പിച്ച് മേയർ സുമാ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നല്കിയ പെർമിറ്റ് അനുസരിച്ചാണോ നിർമാണമെന്ന് പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നല്കും.
പെർമിറ്റിനു വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടി ഉണ്ടാകും. നിർമാണം കാരണം ഇടിഞ്ഞ റോഡിനരികിൽ താങ്ങുമതിൽ നിർമിക്കാൻ ബിൽഡേഴ്സിന് നിർദേശം നല്കി. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പിഎച്ച്എഡിയുടെ വെള്ളം തുടർന്നും എത്തിക്കും. പ്രദേശത്ത് മണ്ണ് പരിശോധന നടത്തും. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തുക.
ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, കൗൺസിലർമാരായ എസ്.ഷഹീദ, എൻ.ബാലകൃഷ്ണൻ, സെക്രട്ടറി ഡി.സാജു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രദേശത്തെ വ്യാപാരികളും വീട്ടമ്മമാരും പങ്കെടുത്തു.കണ്ണൂർ: ദേശീയപാതയിൽ റോഡിനു സമീപത്തെ ഷോപ്പിംഗ് മാൾ നിർമാണം സമീപവാസികൾക്കും വാഹന – കാൽനട യാത്രികർക്കും ദുരിതമായി മാറുകയായിരുന്നു.
കണ്ണൂർ – കൂത്തുപറന്പ് ബൈപ്പാസിൽ താഴെചൊവ്വ – തങ്കേക്കുന്ന് – ആറ്റടപ്പ റോഡിന് സമീപത്തെ ഷോപ്പിംഗ് മാളിന്റെ പ്രവൃത്തിയാണ് ദുരിതമാകുന്നത്. മാളിന്റെ പില്ലറിനായി റോഡിനു തൊട്ടു കുഴി കുഴിച്ചതോടെ റോഡ് വിണ്ടുകീറിയ അവസ്ഥയിലാണ്. പ്രതിദിനം നൂറുകണക്കിനു വാഹനം കടന്നുപോകുന്ന വഴിയിലാണ് ഈ ദുരവസ്ഥ. ഇത് റോഡ് ചെരിയാനും അമർന്നു പോകാനും ഇടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
പില്ലറിനായി വലിയ ആഴത്തിൽ കുഴികുഴിച്ചതോടെ സമീപത്തെ നിരവധി വീടുകളിലെ കിണർ വെള്ളം പൂർണമായും വലിഞ്ഞ അവസ്ഥയിലാണ്. പരിസ്ഥിതിലോല പ്രദേശത്താണ് നിർമാണ പ്രവൃത്തി എന്നാണ് സമീപവാസികളുടെ ആരോപണം. പരിസ്ഥിതി ലോലമായ പ്രദേശത്ത് നിർമാണ പ്രവൃത്തികൾക്ക് എങ്ങനെ അനുമതി ലഭിച്ചു എന്നതു സംബന്ധിച്ചു ഇപ്പോൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വയലായിരുന്ന സ്ഥലത്താണ് വലിയ കുഴി കുഴിച്ച് കെട്ടിട നിർമാണം നടത്തുന്നത്.