സ്വന്തം ലേഖകൻ
തൃശൂർ: നിശാ വാണിജ്യോത്സവത്തിനു തൃശൂർ നഗരം അണിഞ്ഞൊരുങ്ങി. സ്വരാജ് റൗണ്ട് അടക്കം പ്രധാന കവലകളെല്ലാം വൈദ്യുതി ദീപങ്ങളാൽ അലംകൃതമായി. പന്തലുകളുയർന്നു. കടകന്പോളങ്ങളും ഒരുങ്ങി. ജനുവരി 15 വരെ നീളുന്ന ഹാപ്പി ഡേയ്സ് നൈറ്റ്ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തേക്കിൻകാട് മൈതാനിയുടെ വടക്കേനടയിൽ ബാനർജി ക്ലബ്ബിനു മുൻവശത്തു സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങ്.
തൃശൂർ ചേംബർ ഓഫ് കോമേഴ്സ്, തൃശൂർ കോർപറേഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവർ പ്രസംഗിക്കുമെന്നു ജനറൽ കണ്‍വീനർ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു.
സിനിമാതാരവും നർത്തകിയുമായ ആശ ശരത്തും പ്രശസ്ത പിന്നണിഗായകരായ അൻവർ സാദത്ത്, ഫ്രാങ്കോ എന്നിവരും മെഗാ ഷോ നയിക്കും. തൃശൂർ നഗരം ഇതുവരെ കാണാത്ത ആധുനിക ശൈലിയിൽ വിദേശരാജ്യങ്ങളിലേതിനോടു കിടപിടിക്കുന്ന മനോഹരമായ വൈദ്യുതാലങ്കാരങ്ങളാണ് സജ്ജമാക്കുന്നത്. സ്വരാജ് റൗണ്ടിൽ വൈദ്യുതാലങ്കാരങ്ങളോടുകൂടിയ 10 പന്തലുകൾ, 11 പ്രധാന ജംഗ്ഷനുകളിൽ വലിയ ലൈറ്റ് ടവറുകൾ, പടിഞ്ഞാറേകോട്ട- കിഴക്കേകോട്ട എന്നിവിടങ്ങളിൽ കാര്യപരിപാടികൾ നടത്താൻ പ്രത്യേകം സജ്ജമാക്കിയ വേദികൾ, നഗരവീഥികളിലൂടെ ചലിക്കുന്ന തത്സമയ വേദി എന്നിവ ഹാപ്പി ഡേയ്സിനെ വർണാഭമായ ആഘോഷമാക്കി മാറ്റും.
ഷോപ്പിംഗ് ഫെസ്റ്റിവൽ ദിനങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിച്ച വ്യാപാരസ്ഥാപനങ്ങൾ രാത്രി 11 വരെ തുറന്നു പ്രവർത്തിക്കും. കൂടാതെ, മെക്കാനിക്കൽ ലൈറ്റുകൾ ഉപയോഗിച്ചുള്ള സ്പെഷൽ ഷോ, പെറ്റ് ഷോ, വിസ്മയക്കാഴ്ചകൾ ആസ്വദിച്ച് തൃശൂർ നഗരത്തിലൂടെ പകലെന്ന പോലെതന്നെ രാത്രികാലങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരം ഉണ്ടാകും.
ആയിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരക്കളി, മഡ് റേസിംഗ്, സ്ട്രീറ്റ് പെയിന്റിംഗ്, ഫ്ളവർ ഷോ ആൻഡ് എക്സിബിഷൻ, ഫ്ളാഷ് മോബ്, ലൈവ് ബാൻഡ്സ്, 3.5 കിലോമീറ്റർ നീളമുള്ള റിക്കാർഡ് ബ്രേക്കിംഗ് കേക്ക്, ചിക്കാട്ടം, ധാണ്ടിയ, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്, അഞ്ചുപേർക്കു പങ്കെടുക്കാവുന്ന ഫുട്സാൽ മത്സരം, വിദേശരാജ്യങ്ങളിലെ കലാരൂപങ്ങളായ ബെല്ലി ഡാൻസ്, തനുറ, ഏരിയൽ അക്രോബാറ്റിക്, സൂംബ, നാടകം, മൈം, വയോധികർക്കായി ഓൾഡ് ഈസ് ഗോൾഡ്, വിന്റേജ് കാർ ഷോ, ഹാർലി ഡേവിഡ്സണ് ഷോ, ഫുഡ് ഫെസ്റ്റിവൽ തുടങ്ങി നിരവധി ആകർഷണ ഇനങ്ങളുണ്ടാകും.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ 22 നു സ്പെഷൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, 27 നു ബോണ്‍ നത്താലെ ഘോഷയാത്ര, ഡിസംബർ 31 നു സ്റ്റീഫൻ ദേവസി നയിക്കുന്ന 2020 മെഗാ ന്യൂ ഇയർ നൈറ്റ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
കാർ, സ്കൂട്ടർ, ടിവി50 ലക്ഷം രൂപയുടെ വന്പൻ സമ്മാനപദ്ധതി
വിപണനമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണ് നൽകുന്നത്. ഓരോ പത്തുദിവസത്തിലും ഒരു കാർ, ആഴ്ചതോറും ഒരു സ്കൂട്ടർ, ദിവസേന ടിവി, ഇൻഡക്ഷൻ കുക്കർ, മിക്സർ ഗ്രൈൻഡർ, അയേണ്‍ ബോക്സ് എന്നിവയും മറ്റു നിരവധി പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാവുന്നതാണ്.
അയ്യായിരത്തിലധികം വ്യാപാരസ്ഥാപനങ്ങളുടെ പങ്കാളിത്തവും നൂറിലധികം സെലിബ്രിറ്റികളുടെ പ്രാതിനിധ്യവും മുന്നൂറിലധികം സ്റ്റേജ് പ്രോഗ്രാമുകളും ഷോപ്പിംഗ് ഫെസ്റ്റിവലിനു മാറ്റേകും. 30 ദിവസങ്ങളിലായി നടക്കുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരു കോടിയിലധികം ജനങ്ങളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായ സ്റ്റാളുകളും ഷോപ്പുകളും ബിഡ്ഡിംഗ് ആപ്പ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യുന്നതിനുള്ള സൗകര്യം, സ്ഥാപനങ്ങൾ നൽകുന്ന ഫെസ്റ്റിവൽ ഓഫറുകൾ ഓണ്‍ലൈൻ വഴിയും നേടുന്നതിനുള്ള സൗകര്യമൊരുക്കുന്ന ഇ കൊമേഴ്സ് ആപ്പ് തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാക്കുന്നതാണ്.