ന്യൂഡൽഹി: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽനിന്നു വീണു മൂന്നു വയസുകാരൻ മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ പസഫിക് മാളിലാണ് അപകടം. ഉത്തംനഗറിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. മാളിൽ സിനിമ കാണാൻ വന്നതായിരുന്നു സംഘം.
മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്നതിനിടെ കുട്ടി എസ്കലേറ്ററിന്റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിക്കുന്പോൾ ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്കു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.