ഷൊർണൂർ: പതിറ്റാണ്ടുകളായി ഷൊർണൂരിൽ ചെയ്തുവന്നിരുന്ന ഐഒഎച്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന. വർക്ക്ഷോപ്പ് ജോലികൾക്കായി ഇനിമുതൽ ഇന്റർമീഡിയറ്റ് ഓവറോളിംഗ് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നാണു റെയിൽവേ തീരുമാനം. ഇരട്ടവീതമുള്ള ഓരോ കോച്ചിന്റെയും ആയുസ് 25 വർഷമായാണ് കണക്കാക്കുന്നത്.
ഒന്പതുമാസത്തിലൊരിക്കൽ ഓവറോളിംഗ് പ്രവൃത്തി നടത്തി തകരാറുകൾ പരിഹരിക്കണമെന്നാണു വ്യവസ്ഥ. ഈ പ്രവൃത്തികളാണു ഷൊർണൂരിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്നത്. ഇപ്പോൾ ഇവിടെ ചെയ്തുവന്നിരുന്ന ജോലിയെല്ലാം ചെന്നൈയിലെ വർക്ക്ഷോപ്പിൽ നടത്തിയശേഷം പുതിയ ബോഗികൾ എത്തിക്കുകയാണു ചെയ്യുന്നത്. അഴിച്ചെടുക്കുന്ന ബോഗികൾ ലോറിയിൽ ചെന്നൈയിലേക്ക് എത്തിച്ച് തിരിച്ചെത്തിക്കുന്നവ തീവണ്ടികളിൽ ഘടിപ്പിക്കുന്ന ജോലി മാത്രമായി ചുരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ബോഗികളുടെ ചക്രത്തിലെ തേയ്മാനം, മറ്റു തകരാറുകൾ എന്നിവ പരിഹരിക്കാനുള്ള ലെയ്ത്ത് ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളെല്ലാം ഇവിടെയുണ്ട്. ഇതൊന്നും ഇനിമുതൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ നൂറിലേറെ ജീവനക്കാർ ഉണ്ടായിരുന്നിടത്ത് പലരെയും ഇതിനകം സ്ഥലംമാറ്റി. ഇതുമൂലം ജീവനക്കാരുടെ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇനിയും ആളുകളെ മാറ്റുമെന്നു തന്നെയാണു സൂചന. പുതിയ സംവിധാനപ്രകാരം പ്രവർത്തിക്കുന്നതിനു വിരലിലെണ്ണാവുന്ന അംഗബലം മാത്രം മതി.
ജീവനക്കാരുടെ കുറവിന്റെ ഭാഗമായി സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലെ പരിശോധനയ്ക്കുള്ള ജീവനക്കാരുടെ എണ്ണവും കുറച്ചു. ചക്രങ്ങളുടേത് ഉൾപ്പെടെയുള്ള പരിശോധനയാണു പ്ലാറ്റ്ഫോമിൽ നടക്കുന്നത്. ജീവനക്കാരെ കുറച്ചതോടെ പ്ലാറ്റ്ഫോമുകളിലെ സുരക്ഷാ പരിശോധനയും കുറഞ്ഞു. സുരക്ഷയ്ക്ക് വളറെയേറെ മുൻഗണന കല്പിക്കുന്ന റെയിൽവേ സാന്പത്തിക പ്രശ്നങ്ങളുടെ പേരിലാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുന്നതെന്നാണു പറയുന്നത്. എന്നാൽ ലോറിയിൽ എത്തിക്കുന്ന ചെലവും ചെന്നൈയിൽനിന്നും പണികഴിപ്പിച്ചെത്തുന്ന ബോഗികളുടെ പ്രശ്നങ്ങളും കൂടുതൽ ജോലിഭാരം ഉണ്ടാക്കുന്നു.
തമിഴ്നാടൻ ലോബിയുടെ കളികളാണ് ഇതിനു കാരണമെന്നാണു പറയപ്പെടുന്നത്. മുന്പ് ഇവിടെനിന്നും അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന പുതിയ ബോഗികളൊന്നും ചെന്നെയിൽനിന്നും ഇവിടേയ്ക്ക് തിരിച്ചെത്താറില്ല. പകരം പഴയതും കാലപഴക്കം വന്നതുമായ ബോഗികളാണു മടക്കി കിട്ടിയിരുന്നത്. ഇതേ സ്ഥിതിയാകും ഇനിമുതൽ കേരളത്തിനുണ്ടാകുകയെന്നാണു സൂചന. കേരളത്തിന്റെ റെയിൽവേ ബാധ്യത മുഴുവൻ ഇല്ലാതാക്കുന്ന ഗൂഢപദ്ധതികളാണു തമിഴ്നാടൻ ലോബി അനുവർത്തിക്കുന്നത്. അതിലെ മറ്റൊരു ഉദാഹരമാണ് ഐഒഎല്ലിന്റെ പ്രവർത്തനം നിർത്തലാക്കുന്നത്.