ഷൊർണൂർ: പട്ടാന്പിയിലും പരിസരപ്രദേശങ്ങളിലും മലന്പാന്പുകൾ കൂട്ടമായി കാടിറങ്ങിയതോടെ നട്ടംതിരിഞ്ഞ് വനപാലകർ. ഇതോടെ നാട്ടുകാരും വനപാലകരും ഒരുപോലെ സമാധാനമില്ലാത്ത സ്ഥിതിയിലാണ്. ജൂണ്മാസത്തിൽ മഴ നാമമാത്രമായി പെയ്യാൻ തുടങ്ങിയതോടെയാണ് മലന്പാന്പുകൾ കാടിറങ്ങി തുടങ്ങിയത്.ഭീതിപരത്തി പാന്പുകൾ സ്വൈരവിഹാരം തുടങ്ങിയതോടെ അങ്കലാപ്പിലായ നാട്ടുകാർ വനപാലകരെ ശരണംപ്രാപിച്ചു.
പാന്പുകളെ പിടികൂടാനും സുരക്ഷിതമായി കാട്ടിലേക്ക് കയറ്റിവിടാനും വനപാലകർ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. പട്ടാന്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പരിധിയിൽ മാത്രം ഈ വർഷം ജനുവരിമുതൽ ഇതുവരെയായി ഏകദേശം 80 നടുത്ത് പാന്പുകളെ പിടികൂടി. ഒരു മാസം ശരാശരി 10 പാന്പിനെയെങ്കിലും പിടികൂടുന്നുണ്ട്.
വയലുകളിലും, തോട്, പുഴ എന്നിവയോട് ചേർന്ന പൊന്തക്കാടുകളിലുമാണ് കൂടുതലായും പാന്പുകളെ കാണുന്നത്. ഭാരതപുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും ധാരാളമായി പാന്പുകളെ കണ്ടുവരുന്നു. ഗ്രാമീണ മേഖലകളിലാണ് കൂടുതലായി ഇവയെ കാണുന്നത്. ഇവ ഇവിടെ പെറ്റുപെരുകുന്നതായാണ് സംശയിക്കുന്നത്. കഴിഞ്ഞവർഷം പ്രളയത്തെ തുടർന്ന് ധാരാളം പാന്പുകൾ പുഴയിലൂടെ ഒഴുകിയെത്തിയിരുന്നു. പ്രളയസമയത്ത് ഒരു ഒരുമാസം പാന്പുകളെ വരെ പിടികൂടിയിരുന്നു.
മനുഷ്യന് പുറമേ കോഴി, ആട് മറ്റു ചെറുജീവികൾ എന്നിവയ്ക്കും മലന്പാന്പുകൾ കടുത്ത ഭീഷണിയാണ്. വിഷപ്പാന്പുകൾ കാട്ടുപന്നി, മയിൽ, കുറുനരി തുടങ്ങിയവയും ധാരാളമായി കാടിറങ്ങി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈവർഷം മാത്രം 500 മൂർഖൻ പാന്പുകളെയും 200നു പുറത്ത് അണലികളെയും പട്ടാന്പി പരിസരപ്രദേശങ്ങളിൽനിന്നും പിടികൂടിയിട്ടുണ്ട്.
അതേസമയം പുലിവാൽ പിടിക്കുന്നത് വനപാലകരാണ്. നാടിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ വനംവകുപ്പിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഇതിനു കാരണം. അത്യാവശ്യഘട്ടങ്ങളിൽ ജീവനക്കാർ സ്വന്തം വാഹനങ്ങളിലാണ് പോകാറുള്ളത്. ഒറ്റപ്പാലം റേഞ്ച് ഓഫീസിൽ വണ്ടിയുണ്ടെങ്കിലും പലപ്പോഴും ലഭ്യമാകില്ല. പട്ടാന്പി ഓഫീസിൽ വാഹനം വേണമെന്ന ആവശ്യത്തിന് വളരെയേറെ വർഷത്തെ പഴക്കമുണ്ട്.
സെക്ഷൻ ഓഫീസിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രണ്ടു ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവരാണുള്ളത്. ജീവികളെ രക്ഷപ്പെടുത്താൻ കോടതികളിലെ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഓഫീസ് ജോലികൾ എന്നിവ എല്ലാത്തിനുംകൂടി ഈ മൂന്നുപേർ മാത്രമാണുള്ളത് മലന്പാന്പുകൾ ഉൾപ്പെടെയുള്ള ജീവികളെ പിടിക്കാൻ ഇവർ നേരിട്ടാണ് പോയിരുന്നത്. മലന്പാന്പുകളുടെയും മറ്റ് വന്യജീവികളുടെയും ഇടയിൽനിന്ന് രക്ഷ തേടി ജനം വനപാലകരെ സമീപിക്കുന്പോൾ ഇപ്പോൾ സ്വന്തം രക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്.