ഷൊർണൂർ: പട്ടണത്തിന്റെ പരിവേഷമുണ്ടെങ്കിലും അത്യാഹിതം ഉണ്ടായാൽ ചികിത്സ സൗകര്യങ്ങൾക്കായി പരക്കംപായേണ്ട ഗതികേടിലാണ് ഷൊർണൂരുകാർ. ഷൊർണൂരിൽ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം ഇവിടെ പരിമിതമാണ്. അതുകൊണ്ടുതന്നെ വാഹനാപകടം സംഭവിച്ചവരെയും പരിക്കേറ്റവരെയും ഗുരുതരാവസ്ഥയിലുള്ളവരെയുമൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാനാകില്ല.
ഇതിനായി പത്തു കിലോമീറ്ററിലധികം ദൂരത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് ഷൊർണൂർ നിവാസികൾ ആശ്രയിക്കുന്നത്. അതല്ലെങ്കിൽ 30 കിലോമീറ്റർ ദൂരത്തുള്ള തൃശൂർ മെഡിക്കൽ കോളേജിലേക്ക് എത്തണം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, മലബാറിന്റെ റെയിൽവേ പ്രവേശനകവാടം തുടങ്ങി വിശേഷണങ്ങൾ അനവധിയാണ് ഷൊർണൂരിനുള്ളത്.
എന്നാൽ അടിയന്തരഘട്ടത്തിൽപോലും ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും നല്കാൻപോലും ഇവിടെ സാഹചര്യമില്ലാത്തത് വലിയ കുറവായി തന്നെയാണ് പരിഗണിക്കേണ്ടത്. ഷൊർണൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നപക്ഷം അത് ഷൊർണൂർകാർക്ക് ഏറെ ഗുണപ്രദമാകും.
എന്നാൽ സാമൂഹ്യാരോഗ്യ കേന്ദ്രമായി ഇതിനെ ഉയർത്തുന്നതിന് ഏഴ് ഡോക്ടർമാരും അത്യാഹിത സംവിധാനവും ഉണ്ടാകണമെന്നാണ് നിബന്ധന. ഈ മാനദണ്ഡം പാലിക്കാൻ ഷൊർണൂർ സാമൂഹ്യാരോഗ കേന്ദ്രത്തിന് പരിമിതികളുണ്ട്.
എന്നാൽ പിഎച്ച്സിയിൽനിന്ന് സിഎച്ച്സി ആയി ഉയർത്തിയിട്ട് പത്തുവർഷത്തിലധികമായി.
എന്നാൽ ഇങ്ങനെ ചെയ്തിട്ടും ഡോക്ടർമാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴും ഈ ആതുരാലയത്തിന്. തീവണ്ടി അപകടങ്ങൾ, വാഹനാപകടങ്ങൾ എന്നിവയിൽപ്പെട്ട് ജീവനുവേണ്ടി മല്ലടിക്കുന്നവർക്കുപോലും ഷൊർണൂരിൽ രക്ഷയില്ല. ഇവരെ വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലോ ഒറ്റപ്പാലം താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിലോ എത്തിക്കേണ്ട അവസ്ഥയാണുള്ളത്.
പോലീസുകാരുടെ മെഡിക്കൽ പരിശോധനകൾക്കും താലൂക്ക് ആശുപത്രിയാണ് ആശ്രയം. ഷൊർണൂരിൽ കിടത്തിചികിത്സ സംവിധാനമുള്ളതിനാൽ രണ്ടിനുശേഷം കിടത്തി ചികിത്സ ആവശ്യം വേണ്ടിവന്നാൽ മാത്രമേ ഡോക്ടർമാർ എത്തുകയുള്ളൂ. മറ്റു സമയങ്ങളിൽ നഴ്സുമാരുടെ സേവനം മാത്രമാണ് ആശ്രയം. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഷൊർണൂരിൽ ആതുരചികിത്സാരംഗത്ത് സജീവമായ മാറ്റം വരുത്തുകയും ഡോക്ടർമാരെ നിയോഗിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.