ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ നടപടി തുടങ്ങി. റോഡരികിൽ അന്തിയുറങ്ങുന്നവർക്കും തലചായ്ക്കാൻ ഇടമില്ലാത്തവർക്കുമാണ് അഭയകേന്ദ്രം ഒരുക്കുന്നത്. ഇതിനായി നെടുങ്ങോട്ടൂരിൽ ഷൊർണൂർ നഗരസഭ സ്ഥലം കണ്ടെത്തി.ദേശീയ നഗര ഉപജീവന മിഷന്റെ സഹായത്തോടെയാണ് അഭയകേന്ദ്രം നിർമിക്കുന്നത്. ഈവർഷം കേന്ദ്രത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നിരവധിപേരാണ് രാത്രിയിൽ അന്തിയുറങ്ങാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ഇങ്ങനെ അലയുന്നവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നഗരസഭ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ രാത്രിയിൽ ഇവിടെ വിശ്രമിക്കാൻ അവസരമൊരുക്കും. മാത്രമല്ല അപ്രതീക്ഷിതമായി യാത്രയിൽ എത്തിപ്പെടുന്നവർക്കർക്കും ഈ കേന്ദ്രത്തിൽ അഭയം നല്കും. 50 പേർക്ക് താമസിക്കാൻ ആകുന്ന സൗകര്യമാണ് ഒരുക്കുന്നത്.
ഇതോടൊപ്പം പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സർവേ നടത്തി കണ്ടെത്തി സ്ഥിരമായി അഭയം നല്കാനും ലക്ഷ്യമിടുന്നു. ഇവർക്ക് ചികിത്സാ നല്കാനായി ഡോക്ടറും നഴ്സുമാരുമുണ്ടാകും. ഇവർക്കുള്ള സൗകര്യം കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽനിന്നും എത്തുന്നവർക്ക് സ്ഥിരമായി താമസിക്കാവുന്ന സംവിധാനമല്ല അഭയകേന്ദ്രത്തിൽ ലഭിക്കുക.
രാത്രിയിൽ എത്തുന്നവർക്ക് ഉറങ്ങാനും സുരക്ഷിതമായി വിശ്രമിക്കാനുമുള്ള സൗകര്യമാണ് ലഭിക്കുക. 2.14 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രണ്ടുനില കെട്ടിടത്തിൽ പരിശീലനകേന്ദ്രവും സ്ഥാപിക്കും.ഷൊർണൂരിൽ മാത്രമല്ല തെരുവിൽ തലചായ്ക്കാൻ ഇടമില്ലാതെ അലയുന്ന നൂറുക്കണക്കിനാളുകൾ വിവിധ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ട്. ഇവരെയെല്ലാം പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.
ഇതിന്റെ ഭാഗമായി തെരുവിൽ അന്തിയുറങ്ങുന്ന ആളുകളുടെ പട്ടിക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ തയാറാക്കിയിരുന്നു. രാത്രികാലങ്ങളിൽ തെരുവിൽ ചെന്ന് ഇത്തരക്കാരെ കണ്ടെത്തി അവരിൽനിന്നും വിവരശേഖരണം നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ ഉണ്ടാകുന്നത്. ആദ്യഘട്ടത്തിൽ പ്രധാനനഗരങ്ങളിൽ ഇത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുകയും രാത്രികാലങ്ങളിലുള്ള പുനരധിവാസം ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്.