ഷൊർണൂർ: മഴയും വെയിലുമേറ്റ് ശുഭയാത്രയ്ക്ക് ഒരുങ്ങുന്നവരെയാണ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വരവേല്‍ക്കുന്നത്. മിക്ക പ്ലാറ്റ്ഫോമുകൾക്കും മേൽക്കൂരയില്ല. കനത്തമഴയിൽ ഇവിടെനിന്നും ട്രെയിൻ കയറുന്നത് സാഹസികമാണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെന്ന് റെയിൽവേ രേഖകളിൽ പറയുന്ന ഈ സ്റ്റേഷൻ നിലവിൽ അവഗണനയുടെ റെഡ് സിഗ്നലുകളിലൂടെയാണ് കൂകിപായുന്നത്.
അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ ഈ സ്റ്റേഷൻ ബഹുദൂരം പിറകിലാണ്. നിലവിൽ രണ്ട്, മൂന്ന് പ്ലാറ്റുഫോമുകൾക്കു മാത്രമാണ് ഇവിടെ മേൽക്കൂരയുള്ളത്. മറ്റൊന്നിനും പൂർണതോതിൽ മേൽക്കൂരയില്ല. ദീർഘദൂര ട്രെയിനുകളിൽ എത്തുന്നവർക്ക് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയില്ലാത്തത് ഏറെ പ്രശ്നമാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭരണനിർവഹണ ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ രണ്ട്, മൂന്നു പ്ലാറ്റ്ഫോമുകളുടെ ആദ്യാവസാനം മേൽക്കൂരയുണ്ട്.85-ലേറെ ട്രെയിനുകൾക്ക് ആശ്രയമായ കേന്ദ്രത്തിൽ പ്രതിദിനം നൂറുകണക്കിനാളുകളാണ് വന്നുപോകുന്നത്.
ഏഴുലക്ഷമാണ് പ്രതിദിന വരുമാനം. കനത്തമഴയും വെയിലുമുള്ളപ്പോൾ ട്രെയിൻ വൈകിയാൽ യാത്രക്കാരുടെ സ്ഥിതി കഷ്ടമാണ്. നനയാത്ത ഇടംകണ്ടെത്തി നില്ക്കുന്പോഴാകും ട്രെയിന്റെ വരവ്. ഇതോടെ മഴനനഞ്ഞുള്ള മരണപ്പാച്ചിലിൽ വീണു പരിക്കേല്‍ക്കുന്നതും പതിവു കാഴ്ചയാണ്.