റോഡില് പാര്ക്ക്ചെയ്ത ബൈക്കില് നിന്നും പെട്രോള് ഊറ്റിയെടുത്ത ശേഷം രണ്ടു നാണയത്തുട്ടുകള്ക്കൊപ്പം അജ്ഞാതന് അവശേഷിപ്പിച്ച മാപ്പ് ചോദിക്കല് കുറിപ്പ് സോഷ്യല് മീഡിയയില് വൈറല്.
വഴിയില്വച്ച് പെട്രോള് തീര്ന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോള് ബൈക്കില്നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കില് വച്ചിട്ടു പോയ കുറിപ്പിലുള്ളത്.
ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കില് വച്ചിട്ടുണ്ട്.
കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല് കോളജ് ഓഫ് ഫാര്മസിയില് അധ്യാപകനായ അരുണ്ലാലിനാണ് രസകരമായ അനുഭവമുണ്ടായത്.
അദ്ദേഹം ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലൂടെ ഇപ്പോള് വ്യാപകമായി പ്രചരിക്കുന്നത്.
കോഴിക്കോട് ബൈപ്പാസില് പാര്ക്ക് ചെയ്തിരുന്ന എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പ് എഴുതിവച്ചു പോയത്.
കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന് കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം അരുണ്ലാല് കുറിച്ചു.
”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്. പൊരുത്തപ്പെട്ടു തരുക. ഗതികേടു കൊണ്ടാണ്. എന്ന് ഞങ്ങള്. 10 രൂപ ഇതില് വച്ചിട്ടുണ്ട്. പമ്പില് എത്താന് വേണ്ടിയാണ്. പമ്പില്നിന്ന് കുപ്പിയില് എണ്ണ തരുകയില്ല. അതുകൊണ്ടാണ്’ അജ്ഞാതന്റെ കുറിപ്പില് പറയുന്നു.
സംഭവിച്ചതിനെക്കുറിച്ച് അരുണ് ലാല് പറയുന്നതിങ്ങനെ…ഞാന് കോഴിക്കോട് മെഡിക്കല് കോളജിന് അടുത്താണ് താമസം.
ഞാന് ചേലമ്പ്രയിലുള്ള ദേവകി അമ്മ മെമ്മോറിയല് കോളജ് ഓഫ് ഫാര്മസിയില് അധ്യാപകനാണ്.
മഴയായതുകൊണ്ട് ബൈക്ക് തൊണ്ടയാട് പാലത്തിന്റെ താഴെ കൊണ്ടുപോയി വച്ചശേഷം സുഹൃത്തുക്കള്ക്കൊപ്പം കാറിലാണ് ഞാന് കോളജിലേക്കു പോകുന്നത്.
കഴിഞ്ഞ ദിവസവും ഞാന് ഇതുപോലെ ബൈക്ക് പാലത്തിന്റെ അടിയില്വച്ച് കാറില് കോളജിലേക്കു പോയി.
തിരികെ വന്ന് ബൈക്ക് എടുത്ത് വീട്ടില് എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്നിന്ന് നാണയത്തുട്ടുകള് താഴെ വീണത്.
നോക്കുമ്പോള് അതില് ഒരു ചെറിയ കുറിപ്പുമുണ്ട്. വണ്ടിയില്നിന്ന് പെട്രോള് ഊറ്റിയെടുത്തെന്നും അതിന്റെ പണം വയ്ക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.
പെട്രോള് ഊറ്റുന്നത് പലയിടത്തും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില് കുറിപ്പും പണവും വയ്ക്കുന്നത് അങ്ങനെ കേട്ടിട്ടില്ല.
അതുകൊണ്ട് ഇക്കാര്യം ഞാന് സമൂഹമാധ്യമത്തില് പങ്കുവച്ചു എന്നേയുള്ളൂ. ഇനി ഇക്കാര്യം അതുവച്ച ആളുകളിലേക്ക് എത്തുകയാണെങ്കില് തനിക്ക് അവരെ നേരില് കണ്ടാല് കൊള്ളാമെന്നുണ്ടെന്നും അരുണ്ലാല് പറഞ്ഞു.