നരേന്ദ്രമോദിയുടെ കുട്ടിക്കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്ന ഹ്രസ്വചിത്രം രാജ്യസഭ സെക്രട്ടറിയേറ്റില്‍ പ്രദര്‍ശിപ്പിച്ചു. ചലോ ജീതേ ഹേ എന്ന 32 മിനിറ്റ് ഹ്രസ്വ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്.
വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ റാത്തോര്‍, ജയന്ത് സിന്‍, ജെ.പി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
പ്രധാനമന്ത്രിയുടെ ജീവിതകഥയെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ലെങ്കിലും ഇത് മോദിയുടെ കഥ തന്നെയാണെന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റിലെ വൃത്തങ്ങള്‍ പറയുന്നത്.
‘മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നയാളാണ് വിജയി’ എന്ന വാചകം വായിച്ചശേഷം നിങ്ങളെ സംബന്ധിച്ച് ജീവിതമെന്താണെന്ന് മാതാപിതാക്കളോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെക്കുറിച്ചുള്ളതാണ് കഥ. ആ കുട്ടി മോദിയാണ്’.
ചൊവ്വാഴ്ച ഈ സിനിമ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കാണാനായി രാഷ്ട്രപതി ഭവനിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതി ഭവന്‍ ഈ അവകാശവാദം നിഷേധിച്ചിട്ടുണ്ട്.
‘കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയും പരസ്പരം സഹായിക്കുന്നതിന്റെ ആവശ്യകതയും വെളിവാക്കുന്നതാണ് ചിത്രം എന്നാണ് ഫിലിംമേക്കേഴ്സ് അവകാശപ്പെട്ടത്. അത് പ്രസിഡന്റിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതി അതിനുള്ള അനുവാദം നല്‍കുകയും ചൊവ്വാഴ്ച അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മുമ്പും ഇത്തരം സ്‌ക്രീനിങ് നടന്നിട്ടുണ്ട്. ഇത്തരം മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ‘ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് പറയുന്നു.