ജീവിതത്തില്‍ എന്തെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാലും ആരൊക്കെ ഉപേക്ഷിച്ചുപോയാലും സ്വന്തം അമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആ മനുഷ്യന്‍ ഒരു ഭാഗ്യവാന്‍ തന്നെയാണ്. കാരണം, അയാള്‍ക്ക് ആ വിഷമഘട്ടത്തില്‍ ഓടിയണയാന്‍ ഒരു സ്ഥലമുണ്ട്. തലചായ്ക്കാന്‍ ഒരു തോളുണ്ട്. ആ പരമസത്യം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പേരും അതു തന്നെ. ‘മാ’.
തമിഴിലുള്ള ഈ ഹ്രസ്വചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായ കനി കുസൃതിയും അനിഘയുമാണ്. കെ എം സര്‍ജുന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നത് ആധുനിക മാതാപിതാക്കള്‍ വളരെ അത്യാവശ്യമായി കണ്ടിരിക്കേണ്ട ഒരു വിഷയമാണ്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് നിങ്ങളുടെ മകള്‍ ഗര്‍ഭിണിയായാല്‍ മാതാപിതാക്കള്‍, അതില്‍ പ്രത്യേകിച്ച് ആ പെണ്‍കുട്ടിയുടെ അമ്മ എങ്ങനെയാവും പ്രതികരിക്കുക, അവരെന്താവും ചെയ്യുക. അതാണ് ഈ ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നത്. ഏതായാലും ചിത്രം കണ്ടവര്‍ ഒന്നടങ്കം പറയുന്നു. സമകാലിക ലോകത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച സന്ദേശങ്ങളിലൊന്നാണ് ഈ ഹ്രസ്വ ചിത്രം.