ഏപ്രില്‍ 14വരെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്കാന് ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്.
നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഈ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പെട്ടു. അവരാല്‍ കഴിയുന്ന ശമ്പളം മാത്രം സംഭാവന നല്കാന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
എത്ര നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്നായിരുന്നു അവരുടെ മറുപടി.
ഒരു മാസത്തെ ശമ്പളം നല്കുന്നവരില് നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശിച്ചു.
സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവര്‍ താല്പര്യപ്പെടുന്ന തുക നല്‍കാനുള്ള അവസരം വേണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സര്‍ക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവര്ക്കും സൗജന്യ റേഷനും കിറ്റും നല്കുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിനോട് ഭരണപക്ഷ സംഘടനകള്‍ക്കു പോലും എതിര്പ്പുണ്ടായിരിക്കേ ഇത് എത്രമാത്രം നടപ്പിലാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 10 മുതല്‍ 75 ശതമാനം വരെ വെട്ടിക്കുറച്ചുകൊണ്ട് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉത്തരവിറക്കിയിരുന്നു.