ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ വേണ്ടിവന്നത് 10 വര്‍ഷം, ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികളുടെ വിശേഷങ്ങളറിയാം

pigmi650ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ പലരും പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. എന്നാല്‍ ജന്മ വൈകല്യം ഗിന്നസിലെത്തിച്ച കഥയാണ് ബ്രസീലുകാരന്‍ പൗളോ ഗബ്രിയേല്‍ ഡാ സില്‍വാ ബാരോസിനും അദ്ദേഹത്തിന്റെ ഭാര്യ കാത്ത്യൂസിയ ഹോഷിനോയ്ക്കും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന റിക്കാര്‍ഡാണ് ഇവരെ തേടിയെത്തിയത്. ഇരുവരുടെയും കൂടി ഉയരം 70 ഇഞ്ച് മാത്രമാണ്. ഡയസ്‌ട്രോഫിക് ഡിസ്പ്ലാസിയ ഡ്വാര്‍ഫിസം എന്ന ശാരീരികാവസ്ഥയാണ് 30കാരനായ പൗളോയുടെ ഉയരം കുറച്ചത്. ആക്കോന്‍ഡ്രോപ്ലാസിയ ഡ്വാര്‍ഫിസമാണ് 26കാരിയായ കാത്ത്യൂസിയയുടെ ഈ അവസ്ഥയ്ക്കു കാരണം. പൗളോയ്ക്ക് 34.8 ഇഞ്ചാണ് ഉയരമെങ്കില്‍ കാത്ത്യൂസിയയ്ക്ക് അല്‍പം കൂടി ഉയരമുണ്ട്.35.2 ഇഞ്ചാണ് കാത്ത്യൂസിയയുടെ ഉയരം.

ലണ്ടനിലെ സെന്റ്‌തോമസ് ആശുപത്രിയില്‍വച്ച് ഗിന്നസ് അധികൃതര്‍ ഇവരുടെ നീളം അളന്നതിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു മുമ്പില്‍ വിരിച്ചിട്ട ചുവന്ന കാര്‍പെറ്റില്‍ വച്ചായിരുന്നു ഔദ്യോഗിക ഫോട്ടോഷൂട്ട്.

10 വര്‍ഷം മുമ്പ് എംഎസ്എന്‍ മെസഞ്ചറിലൂടെയാണ് ഇവര്‍ ആദ്യമായി പരിചയപ്പെടുന്നത് എന്നാല്‍ ആദ്യമൊന്നും മനസു തുറക്കാന്‍ ഇരുവരും തയ്യാറായില്ല. ഈ ഒളിച്ചുകളി വര്‍ഷങ്ങള്‍ നീണ്ടു. ഏകദേശം ഒന്നരവര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും തങ്ങളുടെ ഇഷ്ടം തുറന്നു പറയുന്നത്. താനൊരു ബോറനാണെന്നും താന്‍ വെറുതെ പഞ്ചാരയടിക്കുകയാണെന്നുമായിരുന്നു കാത്ത്യൂസിയ ആദ്യം വിചാരിച്ചതെന്ന് പൗളോ പറയുന്നു. തന്റെ പ്രേമം യഥാര്‍ഥമാണെന്നു തിരിച്ചറിഞ്ഞതോടെ കാത്ത്യൂസിയ വിവാഹത്തിനു സമ്മതിക്കുകയായിരുന്നുവെന്നും പൗളോ പറയുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികള്‍ എന്ന ബഹുമതിയുടെ പകിട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കാനൊരുങ്ങുകയാണ് ഇരുവരും…

Related posts