മൂന്നുമുറി: ശുചിത്വ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ലക്ഷ്യമിട്ട് വിദ്യാർഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനം. മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ തയ്യാറാക്കിയ സ്വച്ഛ് ഭാരത് എന്ന ഷോർട്ട് ഫിലിമാണ് അഭിനന്ദനത്തിനർഹമായത്.
സപ്തതി ആഘോഷിക്കുന്ന മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ച്, ആറ്്, ഏഴ് ക്ലാസുകളിലെ ഏതാനും വിദ്യാർഥികൾ ചേർന്നാണ് ഒന്പതു മിനിറ്റു ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഒരുക്കിയത്. സംസ്കൃത ഭാഷയിൽ നിർമിച്ച ലഘുസിനിമയിൽ നാടും വീടും വിദ്യാലയവും ഒരു പോലെ വൃത്തിയാക്കി സൂക്ഷിക്കണമെന്നും പരിസര മലിനീകരണം ഒഴിവാക്കണമെന്ന സന്ദേശമാണ് നൽകുന്നത്. കാമറയുടെ മുന്നിലും പുറകിലും പ്രവർത്തിച്ചത് വിദ്യാർഥികൾ തന്നെയാണ്.
സ്കൂൾ മാനേജർ ഫാ.ജോസ് മഞ്ഞളി, പ്രധാനധ്യാപിക ടിസി പി.ആന്റണി, സംസ്കൃതം അധ്യാപകൻ ഗോകുലകൃഷ്ണൻ എന്നിവരുടെ പിന്തുണയോടയാണ് ഈ കുരുന്നു പ്രതിഭകൾ ഷോർട്ട്ഫിലിം ചിത്രീകരണത്തിനിറങ്ങിയത്. ആശയവും തിരക്കഥയും വിദ്യാർഥികൾ തന്നെയാണ് തയ്യാറാക്കിയത്. ആത്മിക വിൽസൻ, സോൾജി സണ്ണി, അൽന ആന്റു, ആൻലെറ്റ് മെജോ, ഇ.ജെ.സെറീന, അഞ്ചൽ കെ. സുരേഷ്, വി.എസ്.ആയുഷ് എന്നീ വിദ്യാർഥികളാണ് ചിത്രത്തിൽ അഭിനയിച്ചത്.
കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ അധികൃതർക്ക് ചിത്രം അയച്ചുകൊടുത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അനുമോദന കത്ത് പ്രധാനധ്യാപിക ടിസി പിആന്റണിയുടെ പേരിൽ സ്കൂളിലെത്തിയത്.