റോബിൻ ജോർജ്
കൊച്ചി: വിധി പല രൂപത്തിലും ഭാവത്തിലും ജീവിതത്തെ തളർത്തിയെങ്കിലും സലാമിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ സലാം പറഞ്ഞു. വെല്ലുവിളികൾ അതിജീവിച്ച് ഒരോ നിമിഷവും മുന്നേറുന്ന ഈ യുവാവിന് ഇന്നലത്തെ ദിവസം ജീവിതത്തിൽ സ്വർണക്കൂട്ടിൽ സൂക്ഷിച്ച് ഓർത്തുവയ്ക്കാവുന്ന ചുരുക്കം ചില ദിനങ്ങളിലൊന്ന്.
ചിരകാലഭിലാഷമായിരുന്ന ആദ്യഷോർട്ട് ഫിലിം യൂട്യൂബിൽ അപ്ലോഡ് ചെയ്ത ദിനം. ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞവരുടെ മുന്പിൽ നെഞ്ചുവിരിച്ച് ചങ്കൂറ്റത്തോടെ നോക്കിയ ഒരു ദിനം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പെട്ടിക്കട നടത്തുന്ന കായംകുളം കുന്നനാശേരി ചിറയിൽ സലാമിന്റെ (കായംകുളം സലാം-38) ജീവിതം ഒരു സിനിമയെ വെല്ലുംവിധത്തിലുള്ളതാണ്.
എഴുപത്തഞ്ച് ശതമാനം വൈകല്യമുള്ളയാളാണു സലാം. വെല്ലുവിളികൾ അതിജീവിച്ച് മാസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങൾക്കുശേഷമാണ് സൈൻ ഓഫ് ട്രൂത്ത് എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയത്. പോളിയോ ബാധിച്ച് ഒന്നര വയസിൽ ശരീരം തളർന്നെങ്കിലും ആത്മവിശ്വാസവും വിധിയെ പഴിക്കാതെ സധൈര്യം മുന്നേറിയതുമാണ് സലാമിന്റെ ജീവിതത്തിൽ മുതൽകൂട്ടായത്.
യുവാക്കളുടെ തെറ്റായ സൗഹൃദ ജീവിതങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിപത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഇതിനോടകം നൂറുകണക്കിനുപേരാണ് യൂട്യൂബിൽ ചിത്രം കണ്ടത്. 20 മിനിട്ട് നീണ്ട ഹൃസ്വചിത്രത്തിൽ യുവാക്കളുടെ സൗഹൃദവും മദ്യവും മയക്കുമരുന്നും ഇവരിലും സമൂഹത്തിലും ഏൽപ്പിക്കുന്ന ആഘാതവും വരച്ചുകാട്ടുന്നു.
സീരിയൽ താരം സീന വടകര, പുതുമുഖ താരങ്ങളായ റിഷാദ്, നവിൻ ചന്ദ്ര, അരുണ്, റിഫാസ്, നിമ, നിമ്മി, സജിത്, കണ്ണൻ, അപർണ, സുമേഷ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. മുച്ചക്ര സ്കൂട്ടറിലാണ് സലാമിന്റെ യാത്ര. സംവിധാനം നിർവഹിച്ചതും ഇതേ സ്കൂട്ടറിൽ കറങ്ങിനടന്നുതന്നെ.
ജീവിതം ഒരു വെല്ലുവിളിയായപ്പോൾ വിധിയെ പഴിക്കാതെ എന്തിനെയും സധൈര്യം നേരിട്ടാണു ശീലമെന്നു സലാം പറയുന്നു. തന്നെപോലെയുള്ള നിരവധിപേർ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടുന്പോൾ ഇവർക്കായി ചെറുതാണെങ്കിലും പോസിറ്റീവ് എനർജി നൽകാൻ സാധിക്കുമോയെന്നാണു സലാം ചിന്തിക്കുന്നത്.
സിവിൽ എൻജിനീയർകൂടിയായ ഈ യുവാവ് ഈ മേഖലയിലും ജോലി നോക്കിയിട്ടുണ്ട്. വക്കീൽ ഗുമസ്തൻ, കാഷ്യർ എന്നിങ്ങനെയും വേഷപകർച്ച നടത്തി. നിരവധി പിഎസസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും ഇന്റർവ്യൂവിൽ തഴയപ്പെട്ടതായി സലാം പറയുന്നു.
ശാരീരിക അസ്വസ്ഥതകളെത്തുടർന്നു മറ്റൊരു ജോലി തേടി കൊച്ചിയിലെത്തിയ സലാം കച്ചവടം ആരംഭിക്കുകയായിരുന്നു. ജീവിതത്തിന്റെ ഓട്ടപാച്ചിലുകൾക്കിടയിലും കലാപരമായ വാസനങ്ങൾ മനസിൽ സൂക്ഷിച്ചു. ഏതാനും സുമനസുകളുടെ സഹായംകൊണ്ടാണ് ആദ്യ ഷോർട്ട്ഫിലീം സംവിധാനം ചെയ്തത്. മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിൽ ഈ വർഷംതന്നെ തന്റെ രണ്ടാമത്തെ ഷോർട്ട്ഫിലിമും ചെയ്യാനുള്ള ഒരുക്കത്തിലാണു സലാം.