ഇരുപത് വർഷങ്ങൾക്കു മുന്പാണ് തേംസ് നദിയിൽ നിന്ന് അഞ്ചോ ആറോ വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ ശരീരം ലഭിക്കുന്നത്.
തലയും കയ്യും കാലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് ആരാണെന്നോ കൊന്നത് ആരാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
20 വർഷത്തിനുശേഷം പോലീസ് ആ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ആദം
അഞ്ചോ ആറോ വയസുള്ള ആ ആൺകുട്ടിക്ക് ഡിറ്റക്ടീവുകൾ “ആദം” എന്ന് പേരിട്ടു. അവനെ നൈജീരിയയിൽ നിന്നു കടത്തിക്കൊണ്ടു വന്നതാവാം.
ജർമ്മനി വഴി ബ്രിട്ടനിലേക്ക് കടത്തിയതാണെന്നും അഭ്യൂഹമുണ്ട്. ഒരു ജോടി ഓറഞ്ച് നിറത്തിലുള്ള ഷോർട്ട്സാണ് ധരിച്ചിരിക്കുന്നതെന്നും ആദം കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്പ് മാത്രമാണ് ബ്രിട്ടനിൽ എത്തിയതെന്നും പോലീസ് പറയുന്നു.
കാരണം, അവന്റെ ശരീരത്തിൽ നിന്നു ലഭിച്ച തെളിവുകൾ അങ്ങനെയൊരു സൂചനയാണ് നൽകുന്നത്. ബെനിൻ സിറ്റിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ നിന്നുള്ളയാളാണ് ആദമെന്നും കരുതുന്നു.
ബലിയർപ്പിക്കാൻ ?
ചിലപ്പോൾ എന്തെങ്കിലുമൊരു ചടങ്ങിൽ ബലിയർപ്പിക്കുന്നതിനായി അവനെ ബ്രിട്ടനിലേക്ക് കടത്തിയതാകാമെന്നും അന്വേഷണ അധികാരികൾ അഭിപ്രായപ്പെടുന്നുണ്ട്. അവന്റെ കൈകാലുകളും തലയും ഇതുവരെയും കണ്ടെടുത്തിട്ടില്ല.
വർഷങ്ങളായി ഈ കേസിന്റെ പേരിൽ നിരവധി അറസ്റ്റുകൾ നടന്നിട്ടും മരണത്തിനു പിന്നിലെ യഥാർഥ പ്രതിയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൊലപാതകിയെന്ന് സംശയിച്ച് ഒരു സ്ത്രീയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യം നൽകുകയും തുടർ നടപടികളൊന്നുമില്ലാതെ വിട്ടയയ്ക്കുകയും ചെയ്തു.
യുകെയിലേക്ക് ആദമിനെ കടത്തിയെന്നു സംശയിക്കുന്ന ഒരാളെയും മുമ്പ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം നൽകുകയും തുടർനടപടികളില്ലാതെ വിട്ടയയ്ക്കുകയും ചെയ്തു.
20 വർഷങ്ങൾ
ഒരുപക്ഷേ, കൊല നടന്നകാലത്ത് ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്ത ഒരാൾക്ക് ഇപ്പോൾ മുന്നോട്ട് വരാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് 20 ാം വാർഷികത്തിൽ ഈ കേസിൽ ഒരു പുതിയ അപ്പീൽ നൽകിയിരിക്കുന്നത്.
കുറ്റാന്വേഷകനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കേറ്റ് കീറാൻ പറഞ്ഞു: “ആദമിന്റെ കൊലപാതകത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താൻ പോലീസ് വർഷങ്ങളായി അശ്രാന്തമായി പ്രവർത്തിക്കുന്നു.
ഒരു പക്ഷേ, ആളുകൾ ആ സമയത്ത് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നില്ലായിരിക്കാം. കാരണം ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയോടോ ആളുകളോടോ വിശ്വസ്തത പുലർത്തിയിരുന്നവരാകാം.
എന്നിരുന്നാലും, കഴിഞ്ഞ 20 വർഷങ്ങളിൽ, വിശ്വസ്തതയും ബന്ധങ്ങളും മാറിയിരിക്കാം, ചില ആളുകൾക്ക് ഞങ്ങളോട് സംസാരിക്കാൻ തോന്നിയേക്കാം.’
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഉദ്യോഗസ്ഥർ പതിവായി കേസ് അവലോകനം ചെയ്യുന്നു. അന്വേഷണത്തിൽ ലണ്ടൻ, യുകെയിലെ മറ്റ് ഭാഗങ്ങൾ, ദക്ഷിണാഫ്രിക്ക, ഹോളണ്ട്, ജർമ്മനി, നൈജീരിയ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു കാണാതായ എല്ലാ ആളുകളെയും സംബന്ധിച്ച സമഗ്രമായ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളവർ നേരിട്ടോ ഫോണിലൂടെയോ ട്വീറ്റ് ചെയ്തോ അറിയിക്കണമെന്നാണ് പോലീസ് ഇപ്പോൾ ആവശ്യപ്പെടുന്നത്.