ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥ.
കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍.
കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും.
സൗമ്യയുടെ മാതാവ് സാവിത്രിയുടെ മൂത്ത സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു.
വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്.
സൗമ്യയുടെ മരണം സംഭവിച്ച് ഒരു വര്‍ഷംപോലും തികയും മുമ്പ് സനലും പോയതിന്റെ ആഘാതത്തിലാണ് വീട്ടുകാര്‍.
ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്ട്ടിന് (കുട്ടു-26) ആണ് സനലിനെയും സുഹൃത്ത് പ്രദീപിനെയും വെടിവച്ചത്.
വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ ബഹളമുണ്ടാക്കിയിരുന്നു.
ഇവിടെ വച്ച് സനലുമായി ഫിലിപ്പ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു.
പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നു തന്നെ വെടിയുതിര്‍ത്തതും. വെടിയേറ്റ സനല്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.