കോഴിക്കോട് : എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്കുന്ന ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) കേരളാ ഘടകത്തില്‍ പ്രതിസന്ധി രൂക്ഷം. ലാലുപ്രസാദ് യാദവ് നേതൃത്വം നല്കുന്ന രാഷ്ട്രീയ ജനതാദളിലോ (ആര്‍ജെഡി), മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയിലോ ലയിക്കണമെന്ന തീരുമാനത്തിന് വിരുദ്ധമായി കേരളത്തില്‍ മാത്രമായുള്ള പ്രദേശിക പാര്‍ട്ടി രൂപീകരിക്കാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്.
ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രദേശികപാര്ട്ടി രൂപീകരിച്ചുകൊണ്ട് ഇനി പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നത്. അതേസമയം ദേശീയപാര്‍ട്ടിയായി തന്നെ തുടരാനാണ് മറുവിഭാഗം തീരുമാനിച്ചത്. ഇതുവഴി യുഡിഎഫിലേക്ക് വീണ്ടും ചേക്കാറാനാണ് ഇവരുടെ തീരുമാനം. അഭിപ്രായഭിന്നത തുടരുന്ന സാഹചര്യത്തില്‍ എല്‍ജെഡിയില്‍ പിളര്‍പ്പിനുള്ള സാധ്യതയും കൂടി.
എല്‍ജെഡി നേതാവ് ശരത് യാദവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ മധേപുര മണ്ഡലത്തില്‍ ആര്‍ജെഡി ചിഹ്നത്തിലാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ആര്‍ജെഡിയില്‍ ലയിക്കാമെന്ന ഉറപ്പിലായിരുന്നു ഈനീക്കം.
കോണ്‍ഗ്രസുള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡിയില്‍ ലയിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളത്തിലെ ഇടത് മുന്നണിയില്‍ അംഗമായ എല്‍ജെഡി നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാതെ പ്രത്യേക പാര്‍ട്ടിയായി നില്ക്കാന് ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുള്ളവര്‍ ആലോചിച്ചത്.
അടുത്തമാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന നേതൃക്യാമ്പില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാവുമെന്നാണ് സൂചന. അഞ്ച് ജില്ലാപ്രസിഡന്റ്മാരുള്പ്പെടെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എല്‍ജെഡിയില്‍ നിന്ന് രാജിവച്ച് ശ്രേയാംസ്കുമാറിനൊപ്പം പ്രദേശികപാര്ട്ടി രൂപീകരിക്കാനാണൊരുങ്ങുന്നത്.
ഇടുക്കി ജില്ലാകമ്മിറ്റി ഇക്കഴിഞ്ഞാഴ്ച മരവിപ്പിച്ചത് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവരാന്‍ ഇടയാക്കിയിട്ടുണ്ട് . പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതിനെ തുടര്‍ന്നാണ് കമ്മിറ്റി മരവിപ്പിച്ചതെന്നാണ് നേതൃത്വം പറയുന്നത്. അതേസമയം ജില്ലകളിലെ താഴെ കമ്മിറ്റികളും ജില്ലാ കൗണ്‍സിലും കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയുമായുള്ള ലയനം, ആര്‍ജെഡിയുമായുള്ള ലയനം, ജെഡിഎസുമായുള്ള ലയനം, എല്‍ജെഡിയായി തന്നെ പ്രവര്‍ത്തിക്കുക തുടങ്ങി കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതല്ലെങ്കില്‍ പ്രദേശികപാര്ട്ടിയ്ക്ക് രൂപം നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവില്‍ മണ്ഡലം ഭാരവാഹികളുടെ യോഗം 25 നുള്ളില്‍ പൂര്‍ത്തിയാവും.
ദേശീയപാര്‍ട്ടി എന്നനിലയിലേക്ക് മാറാതെ പ്രാദേശികപാര്‍ട്ടിയായി തുടരാനാണ് പല നേതാക്കളുടേയും അഭിപ്രായം. ഇക്കാര്യങ്ങളെല്ലാം ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ , പോഷക സംഘടനാ നേതാക്കള്‍ എന്നിവരടങ്ങുന്ന മുന്നൂറോളം പേര് ചരല്‍കുന്നില്‍ ചേരുന്ന നേതൃക്യാമ്പില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്നാണ് അന്തിമതീരുമാനമുണ്ടാവുക.
അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മലബാറിലെ പ്രവര്‍ത്തകരില്‍ ഏറെയും എല്‍ജെഡിയില്‍ തുടരാനാണ് തീരുമാനിച്ചത്. മണ്ഡലം കണ്‍വന്‍ഷനുകളില്‍ ശ്രേയാംസ് കുമാറിനെതിരേ രൂക്ഷ അഭിപ്രായമാണുയര്‍ന്നത്. കോഴിക്കോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രമേയവും പാസാക്കിയിട്ടുണ്ട്.