മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സസ്പെന്ഷന് ലഭിച്ച ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരക്കാരായി ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതില്‍ വിജയ് ശങ്കര്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ടീമിനൊപ്പം ചേരും.
അതേസമയം, ശുഭ്മാന്‍ ഗില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുണ്ടാകില്ല. അതിനുശേഷമുള്ള ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി മല്‍സരങ്ങളിലാണ് ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ന്യൂസില ൻഡിൽവച്ചാണ് ഗിൽ അടങ്ങിയ ഇന്ത്യയുടെ യുവ സംഘം അണ്ടർ 19 ലോക ചാന്പ്യന്മാരായത്.
മെല്‍ബണ്‍ ടെസ്റ്റിലുടെ അന്താരാഷ് ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റംകുറിച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാളിനായിരുന്നു പ്രഥമ പരിഗണനയെങ്കിലും കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത ഉജ്വല പ്രകടനമാണ് അഗര്‍വാളിനെ പരിഗണിക്കാന്‍ കാരണം.
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ മിന്നും താരമായ ശുഭ്മാന്‍ ഗില്ലിന് സീനിയര്‍ ടീമിലേക്കു ആദ്യമായാണ് വിളി ലഭിക്കുന്നത്. പഞ്ചാബിനായി രഞ്ജി ട്രോഫിയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനവും പത്തൊന്‍പതുകാരനായ ഗില്ലിനു തുണയായി. ഈ രഞ്ജി സീസണില്‍ രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 98.75 ശരാശരിയില്‍ 790 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. രഞ്ജി ട്രോഫിക്കു മുന്‍പു നടന്ന ഇന്ത്യന്‍ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലും ഗില്‍ അംഗമായിരുന്നു.
തമിഴ്നാട് താരമായ വിജയ് ശങ്കറിന് രണ്ടാം തവണയാണ് ദേശീയ ടീമില്‍ വിളി വരുന്നത്്. കഴിഞ്ഞ വര്‍ഷം നടന്ന നിദാഹാസ് ട്വന്റി20 ടൂര്‍ണമെന്റിലാണ് വിജയ് ശങ്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഏകദിന ടൂര്‍ണമെന്റില്‍ ടോപ് സ്കോററായിരുന്നു വിജയ് ശങ്കര്‍. മൂന്നു മല്‍സരങ്ങളില്‍നിന്ന് 94.00 ശരാശരിയില്‍ 188 റണ്‍സാണ് ശങ്കര്‍ നേടിയത്.
പാണ്ഡ്യക്കും രാഹുലിനുമെതിരേ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം. ഇരുവര്‍ക്കും ലോകകപ്പ് ടീമില്‍ അവസരം നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ടെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വര് പറയുന്നത്.