ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഇരുപത്തഞ്ചുകാരനായ ഗില്ലിന് 796 റേറ്റിംഗ് പോയിന്റുണ്ട്. ബാബര്‍ അസമിന് 773ഉം. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിനെ ഒന്നാം റാങ്കില്‍ എത്തിച്ചത്.
ഇംഗ്ലണ്ടിനെതിരേ 87, 60, 112 എന്നിങ്ങനെ സ്കോര്‍ ചെയ്ത ഗില്ലായിരുന്നു 259 റണ്‍സുമായി പരമ്പരയിലെ ടോപ് സ്കോറര്‍. 2023 ഏകദിന ലോകകപ്പിന്റെ സമയത്തും ഗില്‍ ബാറ്റര്‍മാരില്‍ ഒന്നാം റാങ്കില്‍ എത്തിയിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതും സൂപ്പര്‍ താരം വിരാട് കോഹ്ലി ആറാം സ്ഥാനവും നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മുന്നേറി ഒമ്പതിലേക്കുയര്ന്നു. ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം ശ്രീലങ്കയുടെ സ്പിന്നര്‍ മഹേഷ് തീക്ഷണയ്ക്കാണ്.