കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിച്ച സ്ഥലത്തെച്ചൊല്ലി വിവാദം. പനിയും മറ്റ് പകർച്ചവ്യാധികളും തടയുന്നതിന് സംസ്ഥാന വ്യാപകമായി മൂന്നു ദിവസം നീളുന്ന ശുചീകരണ യജ്ഞത്തിനു ഇന്നലെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ രാവിലെ കണ്ണൂരായിരുന്നു മുഖ്യമന്ത്രി നിർവഹിച്ചത്. കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള സിറ്റി വലിയകുളം പരിസരത്താണ് ശുചീകരണം നടത്തിയത്. എന്നാൽ ഇത് സ്വകാര്യ വ്യക്തിയുടെ പറന്പാണെന്നാണ് ആരോപണം. കണ്ണൂർ ടൗണിൽ മാലിന്യങ്ങൾ കൂടികിടക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ടായിട്ടും സ്വകാര്യവ്യക്തിയുടെ സ്ഥലം ശുചീകരിച്ചത് വിവാദം സൃഷ്ടിക്കുകയാണ്. കോർപറേഷനാണ് ശുചീകരണ സ്ഥലം നിശ്ചയിച്ചത്.
കോർപറേഷൻ കണ്ണൂർ നഗരത്തിലെ മാലിന്യ കേന്ദ്രങ്ങൾ ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ സ്ഥലം നിശ്ചയിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ടി.ഒ. മോഹനൻ പറഞ്ഞു. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ ജനങ്ങൾക്ക് ദോഷകരമായ രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ നടപടിയെടുക്കാൻ കോർപറേഷന് അധികാരമുണ്ട്. എന്നാൽ കോർപറേഷൻ ഈ അധികാരം പ്രയോഗിക്കാതെ സ്വകാര്യവ്യക്തിയുടെ സ്ഥലം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരിപ്പിക്കുകയായിരുന്നുവെന്നും ടി.ഒ. മോഹനൻ പറഞ്ഞു. ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ
കണ്ണൂർ മക്കാനിക്ക് സമീപം മാലിന്യങ്ങൾ കൂട്ടിയിടുന്നത് പി.കെ. ശ്രീമതി എംപി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കോർപറേഷൻ നോട്ടീസ് നല്കിയിട്ടുണ്ടെന്ന് മേയർ ഇ.പി. ലത അന്ന് പറഞ്ഞിരുന്നു. സ്വകാര്യവ്യക്തിയുടെ മാലിന്യനിക്ഷേപത്തെചൊല്ലി എംപിയുടെ രൂക്ഷമായ പരാമർശങ്ങൾ യോഗത്തിൽ ഉണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം സംസ്ഥാനതല ഉദ്ഘാടനത്തിന് കോർപറേഷൻ കണ്ടെത്തിയത്.