കേരളത്തില്‍ ബിജെപിയില്‍ പുനസംഘടന വേണമെന്ന ആവശ്യം അടുത്തിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ കേന്ദ്ര നേതൃത്വവും ഇതിന് സമ്മതം മൂളിയെന്നാണ് സൂചന. മാര്‍ച്ചില്‍ പുനസംഘടന ഉണ്ടാകുമെന്നാണ് സൂചന. കുമ്മനം രാജശേഖരനു പകരം ഊര്‍ജസ്വലനായ ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തും. കുമ്മനത്തിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്പര്യം. അമിത് ഷായുടെ പ്രത്യേക താല്പര്യം സുരേന്ദ്രനു തന്നെ നറുക്കു വീഴുമെന്ന സൂചനയാണ് നല്കുന്നത്.
സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന എം.ടി.രമേശ്, ബിജെപി ദേശീയ സമിതിയഗം പി.കെ.കൃഷ്ണദാസ് ഇവര്‍ക്കൊപ്പമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെയും പരിഗണിക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനെന്നതും മറ്റുള്ളവരെ അപേക്ഷിച്ച് യുവത്വം കൂടുതലുള്ളതും സുരേന്ദ്രന് മുന്‍തൂക്കം നല്കുന്നു. ദേശീയ നേതൃത്വം കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൂടി കേന്ദ്ര മന്ത്രി പദവി നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ അത് കുമ്മനം രാജശേഖരന് ലഭിക്കാന്‍ സാധ്യത ഏറെയാണ്.
കേന്ദ്രമന്ത്രി പദവിക്കായി ബിഡിജെഎസും, ബിജെപി എംപി രാജീവ് ചന്ദ്രശേഖറും ശക്തമായി രംഗത്തുണ്ട്. ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാക്കുക എന്നത് ബിജെപി സംസ്ഥാന ഘടകത്തിനും ദേശീയ നേതൃത്വത്തിനും ഒരുപോലെ ശ്രമകരമായിരിക്കും. മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ ബിജെപി സംസ്ഥാന നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും.