ഇരിട്ടി: ശുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ഇരിട്ടി ടൗണിൽ സ്ഥാപിച്ച ബാനറുകൾ നഗരസഭാ നീക്കാൻ ശ്രമിച്ചതിൽ കൈയേറ്റവും വാക്ക് തർക്കവും.
ഇന്ന് രാവിലെ ഇരിട്ടി നഗരത്തിലാണ് സംഭവം.രണ്ടര മണിക്കൂറോളം ബാനറുകൾ അഴിക്കാൻ എത്തിയ ഉദ്യോഗസ്ഥയെയും വാഹനത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി ടൗണിൽ തടഞ്ഞുവച്ചു. പോലീസ് എത്തിയിട്ടും പ്രവർത്തകർ വാഹനം വിട്ടില്ല.
നഗരസഭ എച്ച്എസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് വാഹനത്തെയും ഉദ്യോഗസ്ഥയെയും പോകാൻ അനുവദിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ബാനറുകൾ നീക്കം ചെയ്യാൻ നഗരസഭാ ജീവനക്കാർ ശ്രമിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി തടയാൻ ശ്രമിക്കുകയും പോലീസിൽ വിവരം അറിയിക്കുകയൂം ചെയ്തത്.
വാക്കേറ്റത്തെ തുടർന്ന് വാഹന ഗതാഗതം അടക്കം തടസപ്പെട്ടു. ഒടുവിൽ നേതാക്കൾ എത്തി അണികളെ ശാന്തരാക്കി. നീക്കം ചെയ്ത ബാനറുകൾ പുനഃസ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്.
കോൺഗ്രസ് നേതാക്കളായ പി.എ. നസീർ, പി.വി. മോഹനൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നിധിൻ നടുവനാട്, നിവിൻ മാനുവൽ, ഷാനിദ് പുന്നാട്, മിതേഷ്, റാഷിദ്, റഷീദ്, ജോബിഷ് പോൾ, സുനിൽ, നജീബ് എന്നിവരും നിരവധി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.