കൊച്ചി: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും 11 പ്രതികളെ അറസ്റ്റ് ചെയ്തു കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നു സർക്കാർ പറയുന്നു.
ആയുധങ്ങളും അക്രമികൾ സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെത്തി. ഇവ കണക്കിലെടുക്കാതെയാണു സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐക്കു വിട്ടത്.ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഈ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാരിനു സമയം നൽകിയില്ല. രണ്ടു ദിവസം മാത്രം വാദം കേട്ടു സിംഗിൾ ബെഞ്ച് വിധി പറയുകയായിരുന്നു. കേസിന്റെ എഫ്ഐആറും പത്ര റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു വിധി പറഞ്ഞത്.
കേസ് ഡയറി പരിശോധിച്ചില്ല. കേസ് ഡയറി പരിശോധിച്ചിരുന്നെങ്കിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ ക്രമവിവരവും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും ശരിയായി വിലയിരുത്താൻ കഴിയുമായിരുന്നു.
വസ്തുതകൾ വിശദമായി പരിശോധിക്കാതെയുള്ള വിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് രാജ്യത്തിന്റെ അഖണ്ഡതയെയോ സുരക്ഷയെ ബാധിക്കുന്നതല്ല.
ആ നിലയ്ക്ക് യുഎപിഎ പ്രകാരമുള്ള കേസായി കാണാനാവില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഉന്നത സിപിഎം നേതാക്കളുമായി പ്രതികൾക്കു ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും കോടതിക്കു മുന്നിലുണ്ടായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു.
സിംഗിൾ ബെഞ്ചിന്റെ വിധിയും പരാമർശങ്ങളും പോലീസിന്റെ മനോവീര്യവും ആത്മവിശ്വാസവും തകർക്കുന്നതാണെന്നും വിധിയിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അപ്പീൽ ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം പരിഗണിച്ചേക്കും.