മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ള മൂന്നു പേർക്കായി അന്വേഷണം ഊർജിതമാക്കി. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തെരച്ചിൽ നടത്തിവരികയാണ്.
ഇന്നലെ അറസ്റ്റിലായ സിപിഎം മുൻ എടയന്നൂർ ലോക്കൽ സെക്രട്ടറി എളമ്പാറയിലെ അഭിനന്ദനത്തിൽ കെ.പി.പ്രശാന്തിനെ(48) മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ ജോഷി ജോസും സംഘവുമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനാലാം പ്രതിയാണ് പ്രശാന്ത്.
ഗൂഡാലോചന നടത്തിയതിനും കൃത്യം നടത്താൻ പോകുന്ന അക്രമികൾക്ക് പണം നൽകിയെന്നുമാണ് പ്രശാന്തിന്റെ പേരിലുള്ള കുറ്റം. ശുഹൈബ് കൊല്ലപ്പെടുമ്പോൾ പ്രശാന്ത് എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനു പ്രശാന്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.
പ്രശാന്തിനെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ പ്രതികൾ ഇനിയും ഉണ്ടോയെന്നു കണ്ടെത്താൻ കഴിയുകയുള്ളുവെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 14 സിപിഎം പ്രവർത്തകരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്താൻ നേരിട്ടും ഗൂഡാലോചനയിലുമായി 17 പേർ പങ്കെടുത്തതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. മറ്റു മൂന്നു പേർക്കുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ നേരത്തെ അറസ്റ്റിലായിരുന്നു. ഗൂഡാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലാകാനുള്ളത്. അറസ്റ്റിലായ 14 പേരിൽ 7 പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ട കുറ്റപത്രം അന്വേഷണ സംഘം കഴിഞ്ഞ മെയ് മാസം മട്ടന്നൂർ കോടതിയിൽ സമർപ്പിച്ചിരുന്നു. റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 385 പേജുള്ള കുറ്റപത്രവും 8000 ത്തോളം പേജുള്ള അനുബന്ധ രേഖകളുമായിരുന്നു കോടതിയിൽ നൽകിയത്.
എടയന്നൂർ സ്കൂളിലെ എസ്എഫ്ഐ, കെഎസ് യു സംഘർഷവും തുടർന്നു കഴിഞ്ഞ ജനുവരി 12 നു എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ഫെബ്രവരി 12 നു രാത്രി 10.45 നു എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വച്ചാണ് ശുഹൈബ് വെട്ടേറ്റു മരിക്കുന്നത്.