മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുമ്മാനം സ്വദേശിയായ സംഗീതിനെ (27)യാണ് ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.വി. ജോണും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. അക്രമികൾക്ക് സഹായം ചെയ്തു നൽകിയ കേസിലാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
ഇന്നലെ അറസ്റ്റിലായ തെരൂർപാലയോട് സ്വദേശികളായ കെ.രജത് (22), കെ.സഞ്ജയ് (24) എന്നിവരെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്നു പ്രതികളെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒൻപതുപേരാണ് ഇതോടെ അറസ്റ്റിലായത്.
ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഴക്കുന്ന് സ്വദേശി ജിതിനിനെ ഇന്നു തിരിച്ചറിയൽ പരേഡിനു വിധേയമാക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ സംഘത്തിലുണ്ടായിരുന്ന ജിതിനിനെ അക്രമത്തിൽ പരിക്കേറ്റ നൗഷാദും റിയാസും തിരിച്ചറിയുന്നതിനാണ് പരേഡ് നടത്തുന്നത്.
പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞാൽ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ അപേക്ഷ നൽകും. കൊലപാതകം നടത്തുന്നതിനു നേരിട്ടു പങ്കെടുത്ത അഞ്ചംഗസംഘത്തിൽ നാലുപേരും ഗൂഡാലോചന നടത്തിയതും അക്രമികൾക്ക് സഹായം നൽകിയതുമായ അഞ്ചുപേരുമാണ് പിടിയിലായത്. കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനു പോലീസ് തെരച്ചൽ നടത്തിവരികയാണ്.
ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആൾട്ടോ കാറുകളും അക്രമികൾ ഉപയോഗിച്ചുവെന്നു കരുതുന്ന ആയുധങ്ങളും ബോംബുകളും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.