മട്ടന്നൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കുമ്മാനം സ്വദേശിയായ സംഗീതിനെ (27)യാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.വി. ജോണും സംഘവും അറസ്റ്റ് ചെയ്തത്.
അക്രമികൾക്കു സഹായം ചെയ്തു നൽകിയ കേസിലാണ് അറസ്റ്റ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി ഇന്നലെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു.
മുഴക്കുന്ന് സ്വദേശി ജിതിനെയാണ് ഇന്നലെ കണ്ണൂർ സ്പെഷൽ സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ അക്രമത്തിൽ പരിക്കേറ്റ നൗഷാദും റിയാസും സംഭവസ്ഥലത്തുണ്ടായിരുന്ന മൊയ്നുവും തിരിച്ചറിഞ്ഞത്.
അക്രമിസംഘത്തിലുണ്ടായിരുന്ന ആകാശിനെയും റിജിൻ രാജിനെയും നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ജിതിന്റെ തിരിച്ചറിയൽ പരേഡ് നടത്തിയത്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചംഗസംഘത്തിലെ നാലുപേരും ഗൂഢാലോചനയിൽ പങ്കുള്ളവരും അക്രമികൾക്ക് സഹായം നൽകിവരുമായ അഞ്ചുപേരുമാണ് പിടിയിലായത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനു പോലീസ് അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച അറസ്റ്റിലായ തെരൂർ പാലയോട് സ്വദേശികളായ കെ. രജത് (22), കെ. സഞ്ജയ് (24) എന്നിവരെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നു കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് അയച്ചു.