കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് എസ്.പി.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സർക്കാരിനെതിരേ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയ കോടതി കേസിലെ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറണം. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയുണ്ടായില്ല. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങളെല്ലാം സർക്കാർ കോടതിയെ ധരിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും ആയുധം കണ്ടെത്തിയതിന്റെ വിശദാംശങ്ങളും ഹൈക്കോടതിക്ക് കൈമാറി. പിന്നാലെ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ ഡിവിഷൻ ബെഞ്ചിന് മാത്രമേ സാധിക്കൂ എന്ന വാദവും സർക്കാർ ഉന്നയിച്ചു.
എന്നാൽ സർക്കാരിന്റെ ഈ വാദം ജസ്റ്റീസ് കെമാൽപാഷ അംഗീകരിച്ചില്ല. മുൻപും താൻ നാലോളം കേസുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഈ വാദം അംഗീകരിച്ചാൽ മുൻപ് നടത്തിയ ഉത്തരവുകൾക്ക് പ്രസക്തി ഇല്ലാതാകില്ലേ എന്നും ജസ്റ്റീസ് ചോദിച്ചു. സർക്കാരിന്റെ വാദത്തിന്മേൽ ഹർജിക്കാരോടും സിബിഐയോടും കോടതി അഭിപ്രായം തേടി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് ഒരു തടസവുമില്ലെന്നാണ് ഇരു വിഭാഗത്തിന്റെ അഭിഭാഷകരും വ്യക്തമാക്കിയത്.
രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ അതിരൂക്ഷ പരാമർശങ്ങളാണ് സർക്കാരിനെതിരേ ഉണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഓർമിപ്പിച്ച കോടതി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും നിരീക്ഷിച്ചിരുന്നു.
കേസിൽ ഇനി പോലീസ് ഒന്നും ചെയ്യേണ്ടെന്ന് പോലും ഒരുവേള ഹൈക്കോടതി പരാമർശിച്ചിരുന്നു. അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിമർശനങ്ങൾ അത്രയും. പ്രതികളുടെ സാന്നിധ്യത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാതിരുന്നത് തന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും ഹൈക്കോടതി പരാമർശിച്ചിരുന്നു.
കോടതി നിർദ്ദേശിച്ചാൽ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
മകനെ കൊന്നതെന്തിനാണെന്ന് അറിയണമെന്ന് ശുഹൈബിന്റെ പിതാവ്
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന തന്റെ മകനെ എന്തിനാണ് കൊന്നതെന്ന് അറിയണമെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്കു വിട്ടതിൽ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സത്യം എന്നും ജയിക്കുമെന്ന് ശുഹൈബിന്റെ സഹോദരിയും പറഞ്ഞു.