മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ വാളുകളുകൾ കണ്ടെത്തുന്നതിനു റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിനു ശേഷമാകും കസ്റ്റഡിയിൽ വാങ്ങുക.
കണ്ണൂർ സ്പെഷൽ സബ് ജയിലിൽ കഴിയുന്ന മുഴക്കുന്നിലെ ജിതിൻ (23), തില്ലങ്കേരി ആലയാട്ടെ പുതിയ പുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തെരൂർ പാലയോട്ടെ തൈയുള്ള പുതിയ പുരയിൽ ടി.കെ.അഷ്കർ (25), എന്നിവരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.
നേരത്തെ അറസ്റ്റിലായ തില്ലങ്കേരിയിലെ ആകാശ് (24), റിജിൻ രാജ് (23) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെങ്കിലും വാളുകൾ കണ്ടെത്തനായില്ല. അക്രമത്തിനു ഉപയോഗിച്ച വാളുകൾ കണ്ടെത്താത്തതെന്താണെന്ന് ഇന്നലെ ഹൈക്കോടതി ജഡ്ജി ചോദിച്ചിരുന്നു. ഇതേ തുടർന്നു ആയുധം കണ്ടെത്താൻ പോലീസ് തെരച്ചൽ നടത്തി വരുന്നുണ്ട്.
കൊലപാതകം നടത്തിയതിലുണ്ടായ അഞ്ചംഗസംഘത്തിലെ നാലു പേരെയും സഹായം നൽകിയ രണ്ടു പേരുമാണ് ഇതുവരെ പിടിയിലായത്. ശുഹൈബിനെ വെട്ടിയ ഒരാളെക്കുറിച്ചും ഗൂഢാലോചന നടത്തിയതുമായ പ്രതികൾക്ക് സഹായം ചെയ്തു നൽകിയവരെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സൂചന ലഭിച്ചതിനാൽ ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തി വരികയാണ്.