കണ്ണൂർ: ശുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട ഡിവൈഎസ്പിക്കു പോലീസിന്റെ ഔദ്യോഗിക വയർലസ് സെറ്റിൽ അസഭ്യവർഷം. അസഭ്യവർഷം നടത്തിയയാളെ കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഏതു പോലീസ് സ്റ്റേഷനിൽനിന്നാണ് വിളി വന്നതെന്നു കണ്ടെത്താനാണ് അന്വേഷണം.
ദിവസവും രാവിലെ 7.30നും 8.30നുമിടയിൽ ജില്ലാ പോലീസ് മേധാവി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലസിൽ വിളിച്ചു വിവരങ്ങൾ ആരായുന്ന പതിവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ലഭിച്ച പരാതികൾ, രജിസ്റ്റർ ചെയ്ത കേസുകൾ, അറസ്റ്റ്, സമൻസ് നടപ്പിലാക്കൽ തുടങ്ങിയവയുടെ എണ്ണമാണു നൽകേണ്ടത്. എസ്പി ഇല്ലാത്തതിനാൽ ഡിവൈഎസ്പി സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്.
വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണു സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓണ്ചെയ്തു വച്ചിരിക്കുന്ന മറ്റു പോലീസ് സ്റ്റേഷനുകളിലെ വയർലസ് സെറ്റുകളിലെല്ലാം സംഭാഷണം കേൾക്കാം.
വേണമെങ്കിൽ ഇടയിൽ കയറി സംസാരിക്കുകയും ചെയ്യാം. ഇന്നലെ രാവിലെ മാലൂർ സ്റ്റേഷനിൽനിന്നു വിവരങ്ങൾ ശേഖരിച്ചു കോൾ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവർഷം.