കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന ഹൈക്കോടതി വിധി സംസ്ഥാന പോലിസന്വേഷണം ശരിയായ രീതിയിലാണന്നതാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇത് പോലീസിന്റെ വിജയമാണ്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും പി. ജയരാജൻ പറഞ്ഞു.
വിധി നീതി രഹിതം, സുപ്രീം കോടതിയെ സമീപിക്കും: കെ. സുധാകരൻ
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ. സുധാകരൻ എംപി. ഡിവിഷൻ ബഞ്ചിന്റേത് നീതിയുക്തമായ വിധിയല്ല. ഷുഹൈബ് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന ആവശ്യത്തെ കുറിച്ചു കോടതി പരാമർശിച്ചു പോലുമില്ല.
ഗൂഢാലോചനക്കാരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യണം. ഇപ്പോൾ അറസ്റ്റിലായ പലരും ഡമ്മി പ്രതികളാണ്. യാഥാർഥ പ്രതികൾ ഇപ്പോഴും പുറത്താണ്. എഫ്ഐആറിൽ പോലും ഗൂഢാലോചനയെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇത് സംശയമുയർത്തുന്നതാണെന്ന് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.നേരത്തെ ഇക്കാര്യങ്ങടക്കം ഏറെ ഗൗരവത്തോടെ നിരീക്ഷിച്ച കോടതിയുടെ സ്വഭാവം പെട്ടെന്ന് മാറിയിരിക്കുന്നു.
ഇതെല്ലാം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. നേരത്തെ തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ സുപ്രീം കോടതിയാണ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റിയത്. ഹൈക്കോടതിയെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്ന് അന്നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.