കണ്ണൂർ: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം ആയുധം കണ്ടെടുത്തതിൽ സംശയമുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ.സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പോലീസിനും സർക്കാരിനും എതിരേ വിമർശനം ഉണ്ടായത് മറയ്ക്കാൻ വേണ്ടിയാണ് തട്ടിക്കൂട്ടി ആയുധങ്ങൾ കണ്ടെടുത്തത്.
കേസിൽ സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. ശുഹൈബിനെ വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണ്. പോലീസ് ബുധനാഴ്ച മട്ടന്നൂരിൽ നിന്നും കണ്ടെടുത്തത് വാളുകളാണ്. അതിനാൽ തന്നെ പോലീസ് നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. മുഖ്യമന്ത്രി തനിക്കെതിരേയുണ്ടെന്ന് പറയുന്ന കേസുകളിലൊന്നും താൻ പ്രതിയല്ല. തെറ്റായ വിവരങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം മാപ്പ് പറയാൻ തയാറാകണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.