മട്ടന്നൂർ: മകനെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാടുമെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിന്റെ പിതാവ് പി.പി. മുഹമ്മദ്. കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. കേസിൽ 23ന് വാദം കേൾക്കുന്നുണ്ട്.
ഞങ്ങൾക്ക് അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാഷ്ട്രീയ കൊലപാതകം അവസാനിക്കണം. ഇനിയാർക്കും മകനെയും ഭർത്താവിനെയും രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമാകരുതെന്നും മുഹമ്മദ് പറഞ്ഞു.
ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു സിപിഎം പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടു. സിപിഎം പ്രവർത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂർ പാലയോട്ടെ സാജ് നിവാസിൽ കെ.ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ കൃഷ്ണ നിവാസിൽ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് പേലീസ് കസ്റ്റഡിയിൽ വിട്ടത്.
ഇരുവരെയും ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.