സ്വന്തം ലേഖകൻ
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബിനെ (29) വെട്ടികൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതോടെ ഡമ്മി പ്രതികളാണെന്നുള്ള കോൺഗ്രസിന്റെ ആരോപണം പിൻവലിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് തില്ലങ്കേരി (26), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിൻരാജ് (28) എന്നിവരെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ കണ്ണൂരിൽ നിരാഹാരം ആരംഭിച്ചത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരി ശുഹൈബിനെ വെട്ടിയ സംഘത്തില്ലില്ലെന്ന് സാക്ഷികളിലൊരാളായ നൗഷാദ് പറഞ്ഞതോടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതായാണ് പിന്നീട് കണ്ടത്.
എന്നാൽ അറസ്റ്റിലായവർ യഥാർഥ പ്രതികളാണെന്ന് അന്വേഷണ സംഘം ആദ്യമേതന്നെ പറഞ്ഞിരുന്നു. സാക്ഷികൾ അറസ്റ്റിലായവർ യഥാർഥ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഡമ്മി പ്രതികളാണെന്ന കോൺഗ്രസിന്റെ ആരോപണം ഇന്നലെ മുതൽ പിൻവലിച്ചിരിക്കുകയാണ്. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നുമാണ് ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന ആവശ്യം.
കണ്ണൂർ സ്പെഷൽ സബ് ജയിൽ ഓഫീസിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) എം.സി. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷികൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്നു വ്യക്തമാക്കിയിട്ടില്ല.
സാക്ഷികളുടെ സുരക്ഷ പരിഗണിച്ച് പോലീസ് വാഹനം ജയിലിനുള്ളിലേക്ക് കയറ്റിയാണ് ഇവരെ പുറത്തേക്കിറക്കിയത്. അറസ്റ്റിലായ രണ്ടുപേരും ഡമ്മി പ്രതികളാണെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. എന്നാൽ സംഭവത്തിനിടെ പരിക്കേറ്റവരും സാക്ഷികളുമായവർ ആദ്യം അറസ്റ്റിലായവരെക്കുറിച്ച് സംശയം ഉന്നയിച്ചതിനാലാണ് ഇവർ മുഖ്യപ്രതികളല്ലെന്ന സംശയം പാർട്ടി ഉന്നയിച്ചതെന്നും ഇവർ പ്രതികളെ തിരിച്ചറിഞ്ഞ കാര്യം അംഗീകരിക്കുന്നതായും സുധാകരൻ പറഞ്ഞു.