മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ സ്കൂൾ പറമ്പിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തി 24 മണിക്കൂർ പിന്നിട്ടിട്ടും തുന്പില്ലാതെ പോലീസ്. നാല് പേർക്കെതിരെ കേസെടുത്തു എന്നതൊഴിച്ചാൽ പ്രതികളെ കുറിച്ചോ പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചോ ഇതുവരെ പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതം എന്ന പതിവ് പല്ലവി മാത്രമാണ് പോലീസിൽ നിന്നും ഇപ്പോഴും ഉയരുന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വവും പരിക്കേറ്റവരും പറഞ്ഞിട്ടുണ്ട്.
പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ എ.വി. ജോണിന്റെ നേതൃത്വത്തിൽ 12 അംഗത്തെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ നാലുപോലീസുകാരെയും എസ്പി, ഡിവൈഎസ്പി സ്ക്വാഡിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ശുഹൈബ് കൊലപാതക അന്വേഷണസംഘം രൂപീകരിച്ചത്.
തിങ്കളാഴ്ച രാത്രി 11 ഓടെ തെരൂരിലെ ഉറി തട്ടുകയിൽ വച്ചായിരുന്നു അക്രമം നടന്നത്.
വാഗണർ കാറിലെത്തിയ നാലംഗസംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാലുപേരുടെയും കൈയിൽ വാളുകൾ ഉണ്ടായിരുന്നതായി പരിക്കേറ്റവർ പറയുന്നു. ശുഹൈബിന്റെ കാലിൽ 37 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഫോർ രജിസ്ട്രേഷൻ വാഗണർ കാറിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു തവണ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ നാലംഗസംഘം വാളുകൾ ഉപയോഗിച്ച് വെട്ടിയത്. അക്രമികളുടെ വെട്ടേറ്റും ബോംബേറിൽ ചീളു തെറിച്ചും പരിക്കേറ്റ സി.ഇസ്മായിൽ (35), പി.പി.നൗഷാദ് (38), വി.കെ.മൊയ്നുദ്ദീൻ (45, റിയാസ് (48) എന്നിവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും മറ്റും ചികിൽസയിലാണ്.
കാലിനും കൈയ്ക്കും ഗുരുതരമായ വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തലശേരിയിൽ വച്ചു മരിക്കുകയായിരുന്നു.