മട്ടന്നൂർ: മകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വൈകുന്നതിൽ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ശുഹൈബിന്റെ പിതാവ് പി.പി.മുഹമ്മദ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ട കേസ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ 23നു കേസ് വിളിച്ചിരുന്നുവെങ്കിലും മധ്യവേനൽ അവധിക്ക് ശേഷം കേസ് മാറ്റുകയായിരുന്നു.
മകനെ കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു സിബിഐ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. കേസ് സർക്കാർഅട്ടിമറിക്കാൻ പോകുന്നത് പോലെയാണ് തോന്നുന്നതെന്നും ലക്ഷങ്ങൾ ചിലവിട്ടാണ് കേസ് നടത്താൻ അഭിഭാഷകനെ സർക്കാർ കൊണ്ടുവന്നതെന്നും മുഹമ്മദ് പറഞ്ഞു.
കോടതി വിധി ലഭിച്ചാൽ മാത്രമേ കേസുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 12നു രാത്രി തെരൂർ പാലയോട്ടെ തട്ടുകടയിൽ വച്ചു ചായ കുടിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു 11 സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കണ്ണൂർ സ്പെഷൽ സബ് ജയിലിൽ റിമാൻഡിലാണ്. ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്നു കരുതുന്ന പോലീസ് പിടികൂടിയ ആയുധങ്ങൾ വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.