കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തിയത് ഏറെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വഴിവച്ചത്. ഒരേ കാരണത്താല്‍ മക്കളെ നഷ്ടപ്പെട്ട മൂന്ന് പിതാക്കന്മാര് ഒന്നുചേര്‍ന്നുള്ള വേദന പങ്കുവയ്ക്കല്‍ കണ്ടു നിന്നവരെപ്പോലും ദുഖത്തിലാഴ്ത്തി.
അതിനേക്കാളേറെ, ഷുഹൈബിന്റെ പിതാവ് പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടു നിന്നവരെ കൂടുതല്‍ വേദനിപ്പിക്കുന്നതായിരുന്നു. ‘എന്നെ പോലെ ഇനിയൊരു പിതാവിന് ഈ ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ…’ മുഹമ്മദിന്റെ വാക്കുകള്‍ മുറിഞ്ഞു.
‘ഷുഹൈബില്‍ എല്ലാം അവസാനിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്നും ഞാനും ഷുഹൈബിന്റെയും ഉമ്മയും സഹോദരിമാരും എല്ലാം ആഗ്രഹിച്ചിരുന്നു. എന്റെ മോന് പോയി ഒരു മാസം തികയുന്നതിന് മുമ്പ് ഞങ്ങളുടെ വീടിന്റെ താഴത്തുകൂടി ഷുഹൈബേ പേപ്പട്ടി എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് പോയവരാണവര്‍. ഞാനും ഭാര്യയും വീടിനകത്തിരുന്ന് അത് കേള്‍ക്കേണ്ടി വന്നു. വെട്ടിക്കൊന്നിട്ടും വീണ്ടും വീണ്ടും വെട്ടിക്കൊണ്ടിരിക്കുകയാണവര്’.
പക്ഷേ, എന്റെ മകന് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…പോയവന്റെ വേദന ഞങ്ങള്‍ക്ക് നല്ലോണം അറിയാം. ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്.
ശരത് ലാലിന്റെ പിതാവ് സത്യനെയും കൃപേഷിന്റെ പിതാവ് കൃഷ്ണനെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ മുഹമ്മദ് വിഷമിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ കൂടിയവരില്‍ ആരെക്കാളും മക്കള്‍ നഷ്ടപ്പെട്ട ആ പിതാക്കന്മാരുടെ വേദന മുഹമ്മദിന് മനസിലാകുമായിരുന്നു. കാരണം, കൃത്യം ഒരു വര്‍ഷം മുമ്പാണ് മുഹമ്മദ് എന്ന പിതാവിനും സ്വന്തം മകന്റെ വെട്ടിനുറുക്കിയ ശരീരം കാണേണ്ടി വന്നത്.
‘എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്? കൃത്യം ഒരു വര്‍ഷം മുമ്പ് ഇതേ പോലെ നെഞ്ച് തകര്‍ന്നിരുന്നവനാണ് ഞാനും. ഒരാളുടെയും ആശ്വാസവാക്കുകള്‍ എനിക്ക് സമാധാനം നല്‍കിയില്ല. കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാരെ കാണുമ്പോഴും ഞാന്‍ തന്നെയാണല്ലോ അവരെന്നാണ് തോന്നിയത്. ഞാന്‍ തന്നെയാണവര്‍. നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് വ്യത്യാസമില്ല. അത് കണ്ണൂരായാലും കാസറഗോഡായാലും; ഇടറിയ ശബ്ദത്തില്‍ മുഹമ്മദ് പറഞ്ഞു.