തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണം. സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപിച്ചു.
പിജെ ആർമിയുടെ മുന്നണിപോരാളിയാണ് ആകാശ് തില്ലങ്കേരിയെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.ഷുഹൈബ് വധക്കേസ് അടിയന്തിര പ്രമേയമായി സഭയിൽ ഉന്നയിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതിപക്ഷത്ത് നിന്നും ടി. സിദ്ദിഖാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനെന്ന് സിദ്ദിഖ് ചോദിച്ചു.
ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ്. സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും സിദ്ദിഖ് ആരോപിച്ചു.
ആകാശ് തില്ലങ്കേരിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി ഓഫീസിൽ അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ച് വരുത്തി ധാരണയിലെത്തിയ പാർട്ടി സിപിഎം ആണെന്നും സിദ്ദീഖ് പറഞ്ഞു.
സ്കൂളിൽ നിന്നും കുട്ടിയെ പുറത്താക്കുന്പോൾ രക്ഷകർത്താവിനെ വിളിച്ച് കൊണ്ട ് വരുന്ന ഏർപ്പാടാണെന്നും സിദ്ദിഖ് പരിഹസിച്ചു.
പ്രതികളുമായി മുൻപരിചയമില്ലാത്ത ഷുഹൈബിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടന്നുവെന്നും സിബിഐ അന്വേഷണം തടയാൻ ലക്ഷങ്ങൾ മുടക്കി കോടതിയിൽ വക്കീലൻമാരെ നിയോഗിച്ചത് സിപിഎം ആണെന്നും സിദ്ദീഖ് ആരോപിച്ചു. സിദ്ദീഖിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷം ബഹളം വച്ചു.