കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊലൂഷന്സില്നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകളും മൊബൈല്‍ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേമാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പങ്ക് കണ്ടെത്തുന്നതിനാണിത്.
അടുത്ത ദിവസംതന്നെ ഇതിന്റെ സിഇഒ ഷുഹൈബ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.
വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സഹായത്തോടെ എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബ് ചോദ്യക്കടലാസ് ചോര്‍ത്തിയെന്നാണ് ക്രൈം ബ്രാബ്രാഞ്ചിന്റെ പ്രാഥമികനിഗമനം. വഞ്ചന, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്.
കൊടുവള്ളിയിലെ എംഎസ് സൊലൂഷനിലും സിഇഒ ഷുഹൈബിന്റെ ചോലയിലുള്ള വീട്ടിലും കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ റെയ്ഡ് നടത്തി രണ്ട് ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ എന്നിവ പിടിച്ചെടുത്തു. വീട്ടില്‍നിന്നാണ് മൊബൈല്‍ഫോണുകള്‍ പിടിച്ചത്.