കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതികളെ തേടി പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ റെയ്ഡ് നടത്തിയ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി. രാജേഷ് അവധിയിൽ പ്രവേശിച്ചു. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഉന്നതങ്ങളിൽനിന്നുള്ള നിർദേശാനുസരണമാണ് എസ്ഐ അവധിയിൽ പോയതെന്നാണു സൂചന.
ശുഹൈബ് കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്പ് സിപിഎം കേന്ദ്രങ്ങളിൽ എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തു. ശുഹൈബിന്റെ കൊലപാതകം നടന്നതിനുശേഷം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മുടക്കോഴി മലയിൽ നടത്തിയ റെയ്ഡിനിടെയാണ് സിപിഎം പ്രവർത്തകരായ ആകാശിനെയും റിജിൻ രാജിനെയും അറസ്റ്റ് ചെയ്തത്.
എന്നാൽ പ്രതികൾ അറസ്റ്റിലായ ദിവസം തന്നെ എസ്ഐ രാജേഷ് അവധിയിൽ പോകുകയായിരുന്നു. സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എസ്ഐ അവധിയിൽ പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിട്ടുണ്ട്.