സ്വന്തം ലേഖകൻ
കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിയമനം നൽകിയ സംഭവത്തിൽ കണ്ണൂർ കോൺഗ്രസിൽ വിവാദം.
മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവർത്തകന്റെ സഹോദരിക്കാണ് കോൺഗ്രസ് നേതാവിന്റെ തലശേരിയിലെ സ്ഥാപനത്തിൽ ജോലി നൽകിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ശിപാർശ കത്തോടെയാണ് പെൺകുട്ടി ജോലി തേടി കോൺഗ്രസ് നേതാവിനെ സമീപിച്ചത്. തുടർന്ന് സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു.
ഇതിനിടയിലാണ് സംഭവം വിവാദമായത്. പെൺകുട്ടി ജോലി രാജി വച്ചെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസും കെഎസ്യുവും കണ്ണൂർ ഡിസിസിയോട് ആവശ്യപ്പെട്ടു.
ജോലി നൽകിയതിനെ കുറിച്ചും ശിപാർശ കത്ത് നൽകിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
കണ്ണൂർ: ശുഹൈബിന്റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നൽകിയ സംഭവം ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ ജോലി കൊടുത്ത സംഭവത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.
ജോലിക്കുള്ള ശിപാർശയ്ക്കുള്ള കത്ത് നൽകിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയും നടപടിയെടുക്കണം. പാർട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങൾ ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കും.