കണ്ണൂർ: എബിവിപി നേതാവ് ശ്യാമപ്രസാദ്, യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സർക്കാരിനും പോലീസിനും എതിരേ കണ്ണൂരിൽ കോൺഗ്രസും ബിജെപിയും പ്രക്ഷോഭത്തിന്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാൻ സർക്കാർ കാണിക്കുന്ന ജാഗ്രത ശ്യാമപ്രസാദ് വധത്തിലും ശുഹൈബ് വധത്തിലും കാണിക്കമെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട്.
രണ്ട് കൊലപാതകത്തിലെയും മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബിജെപിയും കോൺഗ്രസും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. രണ്ട് കൊലപാതക കേസുകളിലും സിപിഎം തന്നെയാണ് പ്രതിസ്ഥാനത്ത്. എബിവിപി നേതാവ് ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഗൂഢാലോചന നടത്തിയവരെയും പ്രതികൾക്ക് സഹായങ്ങൾ നൽകിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പേരാവൂർ പോലീസ് സ്റ്റേഷനിലേക്കും എബിവിപി കളക്ടറേറ്റിലേക്കും മാർച്ച് നടത്തിയിരുന്നു. യുവമോർച്ചയുടെ നേതൃത്വത്തിൽ 26ന് ഐജി ഓഫീസിലേക്കും 30ന് ബിജെപി കളക്ടറേറ്റിലേക്കും മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.
ശുഹൈബ് വധത്തിൽ 16 പ്രതികളുടെ കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ഇതിൽ 11 പേർ മാത്രമാണ് അറസ്റ്റിലായത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ പേരടക്കം കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രക്ഷോഭം.
ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മട്ടന്നൂർ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനെതിരേ നാളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 28 ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിയമസംവിധാനങ്ങളെ മാർക്സിസ്റ്റ്വത്കരിക്കുന്നതിനെതിരെ ബ്ലോക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധസംഗമങ്ങളും സംഘടിപ്പിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. നാളെ രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.