ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി യുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് സമീപത്ത് കുടി പാടം നികത്തി നിർമിച്ച റോഡിന് എം.പി.ഫണ്ട് ലഭിക്കാൻ ശിപാർശ ചെയ്തത് മുൻ ഡി.സി.സി പ്രസിഡൻറും എം എൽ എ യുമായിരിന്ന എ.എ.ഷുക്കൂർ. റോഡിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂർ നൽകിയ കത്ത് സ്വകാര്യ ചാനൽ ഇന്നലെ പുറത്ത് വിട്ടതോടെ തോമസ് ചാണ്ടിക്കെതിരേ സമരമുഖം ശക്തമാക്കിയ കോണ്ഗ്രസ് നേതൃത്വം വെട്ടിലായി.
2009 സെപ്റ്റംബറിലാണ് റോഡിന് ഫണ്ട് അനുവദിക്കാൻ പ്രഫ.പി.ജെ.കുര്യന് ഷുക്കൂർ കത്ത് നൽകിയത്. റിസോർട്ടിന് സമീപത്തെ കരുവേലി പാടശേഖരത്തിന്റെ മധ്യത്തിലൂടെ നിർമ്മിച്ചിരിക്കുന്ന വലിയകുളം- സീറോജെട്ടി റോഡിനായി 60 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്.
പ്രഫ.പി.ജെ.കുര്യൻ, കെ.ഇ.ഇസ്മയിൽ എന്നീ രാജ്യ സഭാ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള പണം റോഡ് നിർമ്മാണത്തിന് ലഭിച്ചിരിന്നു. നെൽ വയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ചാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരിന്നു.
റോഡ് സംബന്ധിച്ച് വിവാദങ്ങളുയർന്നതോടെ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും റിസോർട്ട് കൂടാതെ നാമമാത്ര പ്രദേശവാസികൾ മാത്രമാണ് റോഡിന്റെ ഗുണഭോക്താക്കൾ എന്ന് കണ്ടെത്തിയിരുന്നു.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രംഗത്തെത്തിയിരിന്നു. ഈ സാഹചര്യത്തിൽ ശുപാർശ കത്ത് സംബന്ധിച്ച വിവരം പുറത്ത് വന്നത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.