കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായിരുന്ന ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ നടപടി.
302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റത്തിനു പുറമേ ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവർക്കെതിരേ സിബിഐ ഗൂഡാലോചനാ കുറ്റവും ചുമത്തി. രണ്ടാഴ്ച മുന്പാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. 2016ലാണ് ഷുക്കൂർ വധക്കേസ് സിബിഐക്കു വിട്ടത്. കൊലപാതകം നടന്ന് ഏഴു വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തട്ടികൊണ്ടുപോയി പാർട്ടി ഗ്രാമത്തിലെ വയലിൽ നിർത്തി പരസ്യമായി വെട്ടികൊന്നുവെന്നാണ് കേസ്. പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപം പട്ടുവം അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഷുക്കൂർ കൊല്ലപ്പെടുന്നത്.