തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് താൻ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയെന്ന് മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ഫേസ്ബുക്കിലാണ് കെ.സുധാകരൻ മാധ്യമങ്ങളെ വിമർശിക്കുന്നത്. അരിയില് ഷുക്കൂര് വധക്കേസില് പി.ജയരാജനെതിരെ ദുര്ബലവകുപ്പുകള് ചുമത്താന് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകന് ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തല് ഗൗരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന് പ്രതികരിച്ചത്.
ഇതിൽ ഗൗരവമായ ആരോപണം എന്ന വാചകത്തിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്കിയെന്നും പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന് ആരോപിച്ചു.
“കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി.പി.ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും പറഞ്ഞിരുന്നു.
എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്”- കെ.സുധാകരൻ ചോദിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ.പി.ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.
കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം ആണ്. വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും- കെ.സുധാകരൻ പറയുന്നു.