നവാസ് മേത്തർ
തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ നടപടികൾ നിയമ കുരുക്കിലേക്ക്. കേസ് കൊച്ചിയിലേക്ക് മാറ്റാൻ സിബിഐ നീക്കമാരംഭിച്ചതായി റിപ്പോർട്ട് ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച സിബിഐ നിലപാട് 14 ന് സിബിഐ പ്രോസിക്യൂട്ടർ തലശേരി സെഷൻസ് കോടതിയെ അറിയിക്കും.
കേസിന്റെ വിചാരണ കൊച്ചിയിലേക്ക് മാറ്റാൻ സിബിഐ നീക്കം നടത്തുന്നില്ലെങ്കിൽ ഈ ആവശ്യമുന്നയിച്ച് തങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ.കെ.എ. ലത്തീഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
എന്നാൽ കോടതിമാറ്റത്തെക്കുറിച്ച് ഇപ്പോൾ പ്രതികരണത്തിനില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.കെ.വിശ്വന്റെ നിലപാട്. എംഎൽഎ മാരും മുൻ എംഎൽഎമാരും പ്രതികളായ കേസുകൾ അതാത് ജില്ലകളിൽ തന്നെ വിചാരണ നടത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ ഏത് കോടതിയിൽ നടക്കുമെന്ന കാര്യത്തിൽ നിയമ വൃത്തങ്ങളിൽ ചർച്ച സജീവമാണ്.
ലോക്കൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികളിലേക്ക് കടന്ന കേസിലാണ് സിബിഐയുടെ അനുബന്ധന കുറ്റപത്രവും വന്നിട്ടുള്ളത് എന്ന പ്രത്യേകതയും ഈ കേസിലുണ്ട്. രണ്ട് അന്വേഷണ ഏജൻസികൾ രണ്ട് കുറ്റ പത്രവുമുള്ള ഷുക്കൂർ വധക്കേസിന്റെ വിചാരണ എവിടെ നടക്കും എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
ആർഎസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിൽ ഏറെ നാൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റിയത്. ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ 2019 ജനുവരി 4 നാണ് കുറ്ററപത്രം സമർപ്പിച്ചത്. അഡീഷണല്‍ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.