മുംബൈ: ടീം ഇന്ത്യയുടെ മധ്യനിര ബാറ്റ്സമാനായിരുന്ന അമ്പാട്ടി റായിഡുവിന്റെ വിരമിക്കൽ തീരുമാനത്തെ വിമർശിച്ച് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല.റായിഡുവന് വിരമിക്കാനുള്ള സമയം ഇതായിരുന്നില്ലെന്ന് ശുക്ല പറഞ്ഞു. ഏറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ബാറ്റേന്താൻ ഇനിയുമാകുമായിരുന്നിട്ടും ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭാധനനായ റായിഡുവിന്റെ കഴിവുകൾ മറ്റേതെങ്കിലും തരത്തിൽ കൃത്യമായി ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ടീമിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ബുധനാഴ്ചയാണ് റായിഡു തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പൂർണമായി തഴയപ്പെട്ടതാണ് താരത്തിന്റെ പെട്ടെന്നുള്ള തീരുമാനത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്.
ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പർ ബാറ്റിംഗ് സ്ഥാനത്തിനായി അമ്പാട്ടി റായുഡു ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ടീം പ്രഖ്യാപിച്ചപ്പോൾ ഇടം ലഭിച്ചിരുന്നില്ല. ലോകകപ്പിനിടെ പരിക്കേറ്റ് ഓപ്പണർ ശിഖർ ധവാനും ഓൾ റൗണ്ടർ വിജയ് ശങ്കറും ടീമിന് പുറത്തായിട്ടും തന്നെ പരിഗണിക്കാത്തതാണ് റായിഡുവിന്റെ പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിനു പിന്നിലെന്നാണു സൂചന.