ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ തേർഡ് അന്പയറിന്റെ തീരുമാനം ചോദ്യം ചെയ്ത കുറ്റത്തിന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനു പിഴശിക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗിൽ സ്കോട്ട് ബോലണ്ടിന്റെ പന്തിൽ കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചിലൂടെയാണു പുറത്തായത്.
ഇടത്തോട്ട് ഡൈവ് ചെയ്തുള്ള ക്യാച്ചിനിടെ ഗ്രീനിന്റെ കൈ മൈതാനത്ത് ഉരസിയിരുന്നു. എന്നാൽ, സംശയത്തിന്റെ ആനുകൂല്യം ബാറ്ററിനു നൽകാതെ ബൗളർക്കു വിക്കറ്റ് നൽകാനായിരുന്നു തേർഡ് അന്പയറിന്റെ തീരുമാനം.
തേർഡ് അന്പയറിന്റെ തീരുമാനത്തിനെ വിമർശിക്കുന്ന രീതിയിൽ ഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് ഈ കുറ്റത്തിന് ഐസിസി ഗില്ലിനുമേൽ ചുമത്തിയത്.
അതേസമയം, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീം ഇന്ത്യക്ക് 100 ശതമാനം പിഴയും ഐസിസി വിധിച്ചു. ഇതോടെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിന്റെ പിഴ മാച്ച് ഫീയുടെ 115 ശതമാനമായി.
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഓസ്ട്രേലിയൻ ടീമിനു മാച്ച് ഫീയുടെ 80 ശതമാനം പിഴയും ഐസിസി ചുമത്തിയിട്ടുണ്ട്. ലണ്ടനിലെ ദ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റണ്‍സിനു കീഴടക്കി ഓസ്ട്രേലിയ ചാന്പ്യന്മാരായി.