തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവരെ പ്രതി ചേർത്തു കൊണ്ട് സിബിഐ തയാറാക്കിയ അനുബന്ധ കുറ്റപത്രവും കേരള പോലീസ് തലശേരി കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രവും കൊച്ചി സിബിഐ പ്രത്യേക കോടതിയിലെത്തിക്കാൻ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കും.
നേരത്തെ സിബിഐ കോടതിയും ഇന്നലെ ജില്ലാ സെഷൻസ് കോടതിയും മടക്കിയ അനുബന്ധ കുറ്റപത്രം സിബിഐയുടെ കൈവശമാണുള്ളത്. ഇനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമേ കേസിൽ ബന്ധപ്പെട്ട കോടതി വിചാരണ നടപടിയിലേക്ക് കടക്കുകയുള്ളൂ.
നിലവിൽ രണ്ട് ഏജൻസികൾ അന്വേഷണം നടത്തിയ ഒരു കൊലപാതക കേസിൽ ഏത് കോടതിയിൽ വിചാരണ നടക്കുമെന്ന ചോദ്യം ഉയർന്നിട്ടുള്ള അപൂർവം കേസുകളിൽ ഒന്നായി ഷുക്കൂർ വധം നിയമ വൃത്തങ്ങളിൽ ചർച്ചയായി കഴിഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം രണ്ട് കോടതികൾ സ്വീകരിച്ചില്ലായെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ഏറെ നേരെ നീണ്ടു നിന്ന വാദങ്ങൾക്കൊടുവിലാണ് സെഷൻസ് ജഡ്ജ് ടി. ഇന്ദിര കുറ്റപത്രം മടക്കിയത്. സിബിഐ സീനിയർ പ്രോസിക്യുട്ടർ മനോജ് കുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതിഭാഗം അഭിഭാഷകരായ അഡ്വ. കെ. വിശ്വൻ, അഡ്വ. ജോൺ സെബാസ്റ്റ്യൻ എന്നിവർ നടത്തിയ വാദപ്രതിവാദങ്ങൾ ഏറെ സമയം നീണ്ടു നിന്നു.
ഈ സമയമത്രയും പി.ജയരാജൻ പ്രതിക്കൂട്ടിൽ മറ്റ് പ്രതികൾക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു. കുറ്റപത്രം മടക്കി കൊണ്ടുള്ള കോടതി ഉത്തരവിനു ശേഷം പുറത്തിറങ്ങിയ പി.ജയരാജൻ കോടതി വരാന്തയിൽ വെച്ച് അഡ്വ. കെ. വിശ്വനോട് കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മാധ്യമ പ്രവർത്തകർ കാത്തു നിൽക്കു ശ്രദ്ധയിൽപെട്ടപ്പോൾ വക്കീൽ കാര്യങ്ങൾ വിശദീകരിക്കട്ടേയെന്ന് വ്യക്തമാക്കി ജയരാജൻ കോടതി വിട്ടു.